മുംബൈ: കോവിഡ് രോഗബാധ തീവ്രമായി തുടരുന്ന മഹാരാഷ്ട്രയിൽ ദിവസങ്ങൾക്ക് ശേഷം രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 48,621 പേർക്കാണ് മഹാരാഷ്ട്രയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47,71,022 ആയി ഉയർന്നു. 567 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 70,851 ആയി ഉയർന്നു.
ഒരു മാസം മുൻപ് ഏപ്രിൽ മൂന്നിനാണ് ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ 50,000ൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 49,447 പേർക്കാണ് അന്ന് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് പ്രതിദിനം 50,000ത്തിലേറെ രോഗികളുണ്ടായിരുന്നു.
അതേസമയം, മുംബൈയിലും സ്ഥിതി മെച്ചപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 2662 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. 78 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. മാർച്ചിന് ശേഷം ഇതാദ്യമായാണ് മുംബൈയിൽ രോഗികളുടെ എണ്ണം ഇത്രത്തോളം കുറയുന്നത്.