തിരുവനന്തപുരം: മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ (47) മൃതദേഹമാണ് കാണാതായത്. ശനിയാഴ്ച ചികിത്സക്കായി എത്തിച്ചതിന് പിന്നാലെയാണ് മരിച്ചത് കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയാതായിരുന്നു.
ഞായറാഴ്ച ബന്ധുക്കൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പൊലീസുമായി എത്തിയപ്പോൾ 68 വയസ്സുകാരനായ മറ്റൊരു പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാർ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തത്. രജിസ്റ്ററിൽ നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകര തൊഴുക്കൽ അംബേദ്കർ കോളനിയിൽ താമസക്കാരനായ പ്രസാദിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.