അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പഞ്ചാബ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 16.4 ഓവറില്‍ വിജയത്തിലെത്തി.
നായകന് ഒയിന്‍ മോര്‍ഗന്റെയും രാഹുല്‍ ത്രിപാഠിയുടെയും അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലാണ് കൊല്‍ക്കത്ത അനായാസ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. ത്രിപാഠി 32 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്തു. മോര്ഗന് 40 പന്തുകളില്‍ നിന്നും 47 റണ്‍സെടുത്തു.
പഞ്ചാബിനായി മോയിസ് ഹെന്റിക്കസ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് പേരുകേട്ട പഞ്ചാബ് ബാറ്റിങ് നിരയെ തകര്‍ത്തത്.
34 പന്തുകളില്‍ നിന്നും 31 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ക്രിസ് ജോര്‍ഡനാണ് പഞ്ചാബിനെ മൂന്നക്കം കടക്കാന്‍ സഹായിച്ചത്. 18 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത ജോര്ഡന് അവസാന ഓവറില്‍ പുറത്തായി.
കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം മാവി വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.