ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ചെന്ന് കേന്ദ്രം. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്.
മെയ് ഒന്നുമുതലാണ് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നത്. ഈ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സിനേഷന് സൗജന്യമായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും പൊതുവിപണിയില്‍ വില്‍ക്കേണ്ട വാക്സിനുകളുടെ നിരക്ക് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിന് സര്‍ക്കാര്‍ തലത്തില്‍ 400 രൂപയാണ് ഈടാക്കുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന്് ഡോസിന് 600 രൂപ ഈടാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് സര്‍ക്കാര്‍ തലത്തില്‍ ഡോസിന് 600 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 1200 രൂപയ്ക്കാണ് വാക്സിന് ലഭ്യമാക്കുക.
ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേര് കൂടി കോവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാല്‍ വീട്ടിലും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.