ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തൻ്റെ രാജ്യമായ കൈലാസത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് ആൾദൈവം നിത്യാനന്ദ. ഇന്ത്യയിലെ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വാർത്താകുറിപ്പിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കൊപ്പം ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്.
2019 ലാണ് നിത്യാനന്ദ കൈലാസം എന്ന രാജ്യം പ്രഖ്യാപിച്ച് ആശ്രമം തുടങ്ങുന്നത്. ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടുന്നത്. പിന്നീട് ഇക്വഡോറിന് സമീപമുള്ള സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങിയാണ് സ്വന്തമായി രാജ്യം സ്ഥാപിച്ചത്.
പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയും രാജ്യത്തുണ്ടാക്കിയിരുന്നു. യു.എനിനോട് കൈലാസത്തിന് പ്രത്യേക രാജ്യ പദവി നല്‍കാനും നിത്യാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നിത്യാനന്ദ രാജ്യത്തിൻ്റെ കറൻസി പുറത്തിറക്കിയിരുന്നു. ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് പുറത്തിറക്കിയത്. സ്വർണത്തിലാണ് നാണയങ്ങൾ നിർമിച്ചിരിക്കുന്നത്. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ്കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിയത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.