ചെന്നൈ: ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ 13 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് വിജയം. വീണ്ടും കരുത്ത് തെളിയിച്ച ബൗളിംഗ് നിരയാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. ചെറിയ സ്കോറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒതുക്കിയെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സണ്‍റൈസേഴ്സിന് സാധിച്ചില്ല. ഇതോടെ ഈ സീസണിലെ മൂന്നു മത്സരങ്ങളിലും സണ്‍റൈസേഴ്സ് പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടായി. 43 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. .
അവസാന രണ്ട് ഓവറുകളില്‍ നിന്നും 21 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന് വിജയിക്കാനായി വേണ്ടിയിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ ബുംറ അഞ്ചാം പന്തില്‍ സണ്‍റൈസേഴ്സിന്റെ അവസാന പ്രതീക്ഷയായിരുന്ന വിജയ് ശങ്കറിനെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ചു. 28 റണ്‍സെടുത്താണ് താരം മടങ്ങിയത്.
അവസാന ഓവര്‍ എറിഞ്ഞ ബോള്‍ട്ട് ആദ്യ പന്തില്‍ തന്നെ ഭുവനേശ്വറിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ സണ്‍റൈസേഴ്സിന് 9 വിക്കറ്റുകള്‍ നഷ്ടമായി. നാലാം പന്തില്‍ ഖലീല്‍ അഹമ്മദിന്റെയും വിക്കറ്റെടുത്ത് ബോള്‍ട്ട് സണ്‍റൈസേഴ്സിനെ ഓള് ഔട്ടാക്കി.
മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. 40 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 35 റണ്‍സ് നേടിയ പൊള്ളാര്‍ഡും മാത്രമാണ് മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
സണ്‍റൈസേഴ്സിന് വേണ്ടി വിജയ് ശങ്കര്‍, മുജീബുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി.