മുംബൈ: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രസാദമെന്നപോലെ വിതരണം ചെയ്യുമെന്ന് മുംബൈ മേയര്‍ കിഷോരി പെദ്നേക്കര്‍. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുംഭമേളയില്‍ പങ്കെടുത്ത് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന് ഏര്‍പ്പെടുത്തും. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കണം. കാരണം, കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണെന്നും പെദ്നേക്കര്‍ പറഞ്ഞു.
95 ശതമാനം മുംബൈക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. ബാക്കി അഞ്ച് ശതമാനം നിയന്ത്രണം പാലിക്കാത്തവര്‍ മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മുംബൈ മേയര്‍ പറഞ്ഞു.
63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കുംഭമേളയുടെ ഭാഗമായി ഗംഗാ തീരത്ത് പതിനായിരക്കണക്കിന് തീർഥാടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.