മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചാഹറും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മോയിന്‍ അലിയുമാണ് ചെന്നൈയ്ക്ക് ഈ അനായാസ വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 15.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ചെന്നൈ ഈ സീസണില്‍ നേടുന്ന ആദ്യ വിജയമാണിത്.
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ്, എം.അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണെടുത്തത്. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹര്‍ പഞ്ചാബിന്റെ നടുവൊടിച്ചു. 47 റണ്‍സെടുത്ത ഷാരൂഖ് ഖാന് മാത്രമാണ് പഞ്ചാബ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.
ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ബ്രാവോയും മോയിന്‍ അലിയും സാം കറനും തിളങ്ങി.
ഒരു ഐ.പി.എല്‍ ടീമിന് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്ന റെക്കോഡ് ധോനി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ചെന്നൈയ്ക്ക് വേണ്ടിയുള്ള ധോനിയുടെ 200-ാം മത്സരമാണിത്.