ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമാണെന്ന് കോടതി അറിയിച്ചു.
എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം.
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 ലാണ് ലണ്ടനില്‍വെച്ച് അറസ്റ്റിലായത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.