കൊറോണ മൂലം മാറ്റിവെച്ച ഒളിമ്പിക്സിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയാണ് കായിക പ്രേമികൾക്ക്. ആഗോളതലത്തിൽ കൊറോണ വീണ്ടും വ്യാപിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഒളിമ്പിക്സ് റദ്ദ് ചെയ്തേക്കാം എന്ന റിപോർട്ടുകൾ വരുന്നത്. ഒളിമ്പിക്സിന് തിരശ്ശീലയുയരാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ ജപ്പാൻ ഭരണകക്ഷി നേതാവാണ് ഇതു സംബന്ധിച്ച പ്രസ്താവന ഇറക്കിയത്.
ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന് അറിയിച്ചു കൊണ്ട് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ തോഷിഹിറോ നികായ് ആണ് രംഗത്ത് വന്നത്. ‘ഈ സാഹചര്യത്തില്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക അസാധ്യമാണെന്ന് തോന്നുന്നു. ഒളിമ്പിക്സ് കൊറോണ വ്യാപനത്തിന് സഹായിക്കുമെങ്കിൽ പിന്നെ എന്തിന് അത് നടത്തണം? ഇനിയും സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ ഒളിമ്പിക്സ് പൂർണമായി ഒഴിവാക്കുക എന്ന തീരുമാനത്തിലെത്തേണ്ടി വരും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അടുത്തിടെ ഒളിമ്പിക്സ് നിർത്തിവെക്കണമെന്ന ചർച്ചകൾ ജപ്പാനില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാറ്റിവെച്ച ഒളിമ്പിക്സ് നടത്തുന്നതിലാണ് അടിയന്തര ശ്രദ്ധയെന്നായിരുന്നു അന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ വിശ്വസ്തനാണ് തോഷിഹിറോ നികായ്. അതിനാൽ, നികായിയുടെ വാക്കുകൾ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തല്‍.