രാജസ്ഥാന് റോയല്‍സ്- കിംഗ്സ് പഞ്ചാബ് മത്സരത്തിലെ സംഭവങ്ങൾ വിവാദമായിരുന്നു. രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് സിംഗിള്‍ ഓടാന്‍ വിസമ്മതിച്ചിരുന്നു. സ്ട്രൈക്ക് മാറിയിരുന്നെങ്കില്‍ രാജസ്ഥാന് കളി ജയിക്കുമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ക്രിക്കറ്റ് പണ്ഡിതരില്‍ മിക്കവരും സഞ്ജുവിന്റെ തീരുമാനത്തെ പിന്തുണച്ചു.
ഇനിയൊരു നൂറ് തവണ ആ മത്സരം കളിച്ചാലും സിംഗിള്‍ ഓടില്ലെന്നാണ് മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞത്.ഇപ്പോള്‍ ക്രിസ് മോറിസും ആ സംഭവത്തെ കുറിച്ച് പറയുകയാണ്. വിമര്‍ശകരുടെ ഇനിയൊരു സംസാരത്തിന് ഇടം നല്‍കാതെയാണ് മോറിസ് മറുപടി നല്‍കിയത്. ”ആ മത്സരത്തില്‍ സഞ്ജു അസാമാന്യ ഫോമിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഡബിള്‍ ഓടാനാണ് കരുതിയിരുന്നത്. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. പുറത്താവാണെങ്കിലും എന്റെ വിക്കറ്റ് നഷ്ടമാവട്ടെയെന്ന് കരുതി.കാരണം സഞ്ജു ഒരു സ്വപ്നത്തിലെന്ന പോലെയാണ് കളിച്ചിരുന്നത്. അവസാന പന്ത് അവന് സിക്സ് നേടാതിരുന്നതില്‍ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല. കാരണം വാംഖഡെയില്‍ ഈര്‍പ്പം വലിയ ഘടകമായിരുന്നു.” എന്നും മോറിസ് പറഞ്ഞു.