ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പരിഷ്‌കരിച്ച കോഡിയാക്ക് എസ്യുവി ആഗോളതലത്തില്‍ അനാവരണം ചെയ്തു. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈന്‍, സാങ്കേതിക സ്പെസിഫിക്കേഷനുകള്‍ തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് പുതിയ കോഡിയാക്ക് അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ മാസത്തോടെ യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും. ഈ വര്‍ഷം നാലാം പാദത്തില്‍ 2021 സ്‌കോഡ കോഡിയാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്യുവിയുടെ ആര്‍എസ്,എല്‍ ആന്‍ഡ് കെ, സ്പോര്‍ട്ട്ലൈന്‍ വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് മുമ്പത്തേക്കാള്‍ നിവര്‍ന്നതും ഷഡ്ഭുജ ആകൃതി ലഭിച്ചതുമായ ഗ്രില്‍, റീസ്‌റ്റൈല്‍ ചെയ്ത ഹെഡ്ലാംപുകള്‍,എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ നല്‍കി. പിറകില്‍ പുതുതായി മുമ്പത്തേക്കാള്‍ സ്ലീക്ക് ആയ ക്രിസ്റ്റലിന്‍ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ആണ്.
ഇരട്ട ടര്‍ബോ ഡീസല്‍ മോട്ടോര്‍ ഒഴിവാക്കി 2.0 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനാണ് ഹൃദയം. ഒക്ടാവിയ ആര്‍എസില്‍ എന്ന പോലെ 245 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ആണ് ട്രാന്‍സ്മിഷന്‍. ഇപ്പോള്‍ 60 കിലോഗ്രാം ഭാരം കുറവായതിനാല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇതേ മോട്ടോര്‍ ഒക്ടാവിയ ആര്‍എസില്‍ 370 എന്‍എം ടോര്‍ക്കാണ് പരമാവധി പുറപ്പെടുവിക്കുന്നത്.