ന്യൂഡൽഹി: രണ്ടു മണിക്കൂറില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വിമാനയാത്രകളില്‍ ഇന്ന് മുതല്‍ ഭക്ഷണം ഇല്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം. ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഭക്ഷണ വിതരണമുണ്ടാവില്ലെന്ന് തിങ്കളാഴ്ചയാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്.
ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് വിമാനയാത്രക്കാരിലൂടെ പടരുന്നുവെന്ന് പരാതികള്‍ വ്യാപകമായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതിന് കാരണമായത്. കൂടുതല്‍ വ്യാപന ശേഷിയുള്ള യുകം, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വേരിയന്റുകളാണ് കോവിഡ് മഹാമാരി രൂക്ഷമാക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് മാസ്ക് മുഖത്ത് നിന്ന മാറ്റേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഈ തീരുമാനം സഹായിക്കും.
ലോക്ക്ഡൗണിന് ശേഷം ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ നിയന്ത്രണങ്ങളോടെ ഭക്ഷണം നല്കാന് എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.ഈ അനുമതിയ്ക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം, രണ്ട് മണിക്കൂറില്‍ അധികം സമയമുള്ള യാത്രയില്‍ ഭക്ഷണം നല്‍കാം. എന്നാല്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്നത് ആയിരിക്കാന്‍ പാടില്ല, ഉപയോഗ ശേഷം ഇവ കൃത്യമായി നശിപ്പിച്ച് കളയണം, തൊട്ടടുത്ത സീറ്റുകളില്‍ ഒരേസമയം ഭക്ഷണം നല്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം എന്നും വ്യോമയാന മന്ത്രാലയം വിശദമാക്കുന്നു.