ചെന്നൈ: ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹാറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോള്‍ട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
40 പന്തുകളില്‍ നിന്നും അര്‍ധശതകം പൂര്‍ത്തിയാക്കിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. താരത്തിന്റെ ഐ.പി.എല്ലിലെ 13-ാം അര്‍ധസെഞ്ചുറിയാണിത്.
മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചാഹര്‍ നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് നേടി. ചാഹറിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 152 റണ്‍സിന് ഓള് ഔട്ടായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
33 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തുകളിച്ച ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ സ്കോര്‍ 150 കടത്തിയത്. ഒന്‍പത് പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത ക്രുനാലിനെ അവസാന ഓവറില്‍ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തില്‍ ബോള്‍ട്ടിനെയും മടക്കി റസ്സല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമാണിത്.
രണ്ടോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. റസ്സലിന് പുറമേ പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസ്സന്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.