ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്നും വാക്സിന് വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
കേരളത്തിൽ ഒരു ശതമാനം പോലും വാക്സിന് പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കോവിഡ് വാക്സിന് ഡോസുകള്‍ ഇപ്പോഴും ലഭ്യമാണന്നും അദ്ദേഹം പറയുന്നു. 13,10,90,370 ഡോയുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതില്‍ 11,43,69,677 ഡോസുകളാണ് ഉപയോഗിക്കപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ രണ്ടകോടി വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളിലേക്കും, യൂണിയന് ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇന്നലെ മാത്രം 1,61,736 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 879 പേര് മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേര് മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകള്‍.