ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിങ്കളാഴ്ച 9,579 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,767 പേര് രോഗമുക്തി നേടുകയും 52 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 10,74,869 ആയി. ഇതുവരെ 9,85,924 പേര് രോഗമുക്തി നേടുകയും 12,941 പേര് മരിക്കുകയും ചെയ്തു.
അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. ‘ജനങ്ങള്‍ അവരുടെ നല്ലതിനായ് പ്രതികരിക്കേണ്ടതുണ്ട്. അവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടതായി വരും. അവര്‍ അതിന് ഇടവരുത്തരുത്, ജനങ്ങള്‍ സഹകരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അനിവാര്യമായ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.’ – യെദ്യൂരപ്പ പറഞ്ഞു. മാസ്ക് ധരിക്കേണ്ടതിന്റെയും ഇടവിട്ട് കൈകള്‍ ശുചിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മപ്പെടുത്തി.
സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ഹെല്‍ത്ത്-നഴ്സിങ് ഹോം അസോസിയേഷനുമായി ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. കോവിഡ് രോഗികള്‍ക്കായി അമ്പതുശതമാനം കിടക്കകള്‍ ഒഴിച്ചിടണമെന്ന് മന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആശുപത്രി വാസം അത്യാവശ്യമില്ലാത്ത എല്ലാവരേയും ഡിസ്ചാര്‍ജ് ചെയ്ത് കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.