ഗൗരിയമ്മയെ തോൽപ്പിച്ചിട്ട് വന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയി, ആ ഒരു ആത്മ വിശ്വാസമാണോ പിന്നീടുള്ള എല്ലാ തെരെഞ്ഞടുപ്പിലും താങ്കൾക്ക് ഒരു മനോധൈര്യം ?
അതുകൊണ്ടൊന്നുമല്ല, ഗൗരിയമ്മയെ തോൽപിച്ചെന്നുള്ളത് സത്യം പറയാമെങ്കിൽ ഉള്ളു കൊണ്ടൊരു ഇപ്പോഴും ഒരു നീറ്റലാണ്. പുറമെ നമുക്ക് വലിയ സന്തോഷമൊക്കെ കിട്ടിയ വിജയമാണെങ്കിൽ പോലും ഗൗരിയമ്മ എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു മഹദ് വ്യക്തിത്വമാണ്. അത്രയും ത്യാഗ നിർഭരമായ ഒരു ജീവിതം നയിച്ച ഒരു പൊതുപ്രവർത്തക നമ്മുടെ കേരളത്തിൽ വേറെയുണ്ടാകില്ല. അത്രയും ത്യാഗ ബന്ധനമായ ഒരു ജീവിത ചരിത്രമുള്ള ഗൗരിയമ്മയാണ്. ഗൗരിയമ്മയുമായി മത്സരിക്കുമ്പോൾ ജയിക്കണമെന്ന് ഏതൊരു സ്ഥാനാർത്ഥിയും ആഗ്രഹിക്കുന്ന പോലെ ആഗ്രഹിക്കുകയും ജയിക്കാൻ വേണ്ടിയിട്ടുള്ള എല്ലാ മാര്ഗങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു മാനസിക സംഘർഷം ഭയങ്കരമായിരുന്നു. കാരണം ഗൗരിയമ്മയെർ പോലെ കേരളം രാഷ്ട്രീയത്തിലെ ഒരുപാടു ത്യാഗപൂർണമായ ജീവിത അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയെ ആണല്ലോ പരാജയപ്പെടുത്തിയത് എന്നോർക്കുമ്പോൾ ചെറിയ നീറ്റലും സങ്കടവുമുണ്ടായി.
അതിനു ഞാൻ പ്രത്യുപകാരമായി അല്ലെങ്കിൽ പ്രായശ്ചിത്തമായി കണക്കാക്കിയത് ഗൗരിയമ്മ പാർട്ടിയിലേക്ക് തിരിച്ചുവരണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനു വേണ്ടി ഞാൻ പരസ്യമായി അന്നേ പറഞ്ഞിരുന്നു. ഗൗരിയമ്മ വരാനും തയ്യാറായിരുന്നു. പക്ഷെ ഗൗരിയമ്മയുടെ പാർട്ടിക്കകത്ത് ചില പ്രശ്ങ്ങൾ കാരണം അത് പൂര്ണമായില്ല. ഗൗരിയമ്മയുടെ പേരിൽ ഒരുപാട് സ്വത്തുവകകൾ എല്ലാം ഉണ്ടായിരുന്നു. സ്വകാര്യമല്ല, അതെല്ലാം പാർട്ടിപരമാണ്. അത്തരം സ്വത്തുക്കൾ സ്ഥാനമോഹികളായ ചില ആളുകൾ അത് തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഗൗരിയമ്മ പാർട്ടിയിലേക്ക് വന്നാൽ അതെല്ലാം ആ ആൾക്കാർക്ക് പോകും എന്ന ഏതോ നിയമോപദേശം കിട്ടിയതിന്റെ പുറത്താണ് ഗൗരിയമ്മ പാർട്ടിയോടപ്പം വരാതെ പോയത്. ഇലക്ഷനൊക്കെ ഗൗരിയമ്മ ഇടത്പക്ഷത്തോടൊപ്പം നിന്നു. എങ്കിൽ പോലും ഗൗരിയമ്മ പാര്ടിയോടോപ്പം വരാത്തതിന്റെ വേദന ഇപ്പോഴും എനിക്കുണ്ട്.
പിന്നീടങ്ങോട്ടുള്ള ഇലക്ഷനുകളിൽ എല്ലാം നല്ല വിജയമാണ് ഉണ്ടായത് എന്നത് സത്യമാണ്. ഇടത് പക്ഷത്തിനെതിരായ കൊടുങ്കാറ്റ് കേരളത്തിൽ ആകെ ആഞ്ഞടിച്ചു. 20 പാർലമെന്റ് സീറ്റിൽ 19 എണ്ണത്തിലും എൽഡിഎഫ് പരാജയപെട്ടപ്പോഴും ഒരു സീറ്റിൽ മാത്രം വിജയിച്ചതും അതിയായ സന്തോഷമുള്ള കാര്യമാണ്.
നിയമസഭാ തെരെഞ്ഞെടുപ്പ് വിശേഷങ്ങളും പ്രചാരണവും എങ്ങനെ ഉണ്ടായിരുന്നു?
നിയമസഭാ ഇലെക്ഷനിൽ ഞാൻ പൂർണമായും ആലപ്പുഴ പാർലമെന്റ് നിയോജകമണ്ഡലത്തെ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കൊപ്പം നിന്ന് അവരുമായിട്ട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഞാൻ മുഖ്യമായും ഊന്നൽ കൊടുത്തത്. കുട്ടനാട് മണ്ഡലത്തിൽ രണ്ട് സമ്മേളങ്ങൾക്ക് പോയിരുന്നു. കോവർ കുഞ്ഞുമോൻ മത്സരിച്ച കുന്നത്തുനാട് മണ്ഡലത്തിൽ ഒരു മീറ്റിംഗിന് പോയിരുന്നു. കളമശേരിയിൽ പി രാജീവിന് വേണ്ടി പോയിരുന്നു. അതൊഴിച്ചാൽ ഏറിയ പങ്കും ആലപ്പുഴ മുതൽ കരുനാഗപ്പള്ളി വരെയുള്ള മണ്ഡലത്തിൽ എൽഡിഎഫ് വിജയത്തിന് വേണ്ടിയായിരുന്നു പ്രവർത്തിച്ചത്. എന്റേതായൊരു അഭ്യർത്ഥനയും പോസ്റ്ററും അച്ചടിച്ച് നൽകുകയുണ്ടായി. സജീവമായി നിന്ന് എനിക്ക് എന്റേതായ കണക്കുകൂട്ടലിൽ ആലപ്പുഴയിലെ 9 സീറ്റിൽ 8 സീറ്റിലും വിജയിക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. തുടര്ഭരണം തന്നെയാണ് എന്നതിൽ ഒരു മാറ്റവുമുണ്ടാകില്ല.

താങ്കൾക്കെതിരെ ഉയർന്ന പോസ്റ്റർ വിവാദത്തെ കുറിച്ചുള്ള ആരോപണത്തിനെതീരെ എങ്ങനെ പ്രതികരിക്കുന്നു?
പാർലമെന്റ് അംഗമെന്ന നിലയിൽ 7 അസംബ്ലി മണ്ഡലമാണ് എന്റെ പരിധിയിൽ വരുന്നത്.മന്ത്രിമാരുള്ള മണ്ഡലങ്ങളിൽ അവരുടെ പടവും എംപി എന്ന നിലയിൽ എന്റെ പടവും വെച്ചാണ് പോസ്റ്റർ അടിച്ചത്.7 അസംബ്ലി മണ്ഡലങ്ങളിലും അത് ഒട്ടിച്ചു. 6 മണ്ഡലങ്ങളിലും ഒരു പ്രശ്നവുമില്ല. അമ്പലപ്പുഴയിൽ മാത്രം ഒരു പ്രശ്നം. ജി സുധാകരന്റെ പോസ്റ്റർ കീറിക്കളഞ്ഞിട്ട് എന്റെ ഫോട്ടോ ഒട്ടിച്ചുവെന്നും പറഞ്ഞു ഏതോ ബിജെപിക്കാരനാണെന്ന് തോന്നുന്നു പ്രചാരണം നടത്തി. ഈ സംഭവത്തിൽ ഞാൻ അന്വേഷിച്ചപ്പോൾ നേരത്തെ വൈറ്റ് വാഷ് അടിച്ചിരുന്നിടത്ത് ഒട്ടിച്ചിരുന്ന സ്ഥലത്തെ പോസ്റ്ററുകൽ മഴവന്ന് ഇളകി പോയിരുന്നു. ആ ഇളകിപ്പോയ സ്ഥലത്ത് പുതിയതായി എന്റെ പോസ്റ്ററുകൾ ഒട്ടിച്ചു. അല്ലതെ വലിച്ചു കീറി കളഞ്ഞിട്ടൊന്നും ചെയ്തതല്ല.പക്ഷെ ഒരു ഗ്രൂപ്പ് വ്യഖ്യാനം. ഞാൻ അടിച്ചുകൊടുത്ത പോസ്റ്ററിൽ എൽഡിഎഫ്കാരന്റെ പടമുണ്ട്, പിണറായിയുടെ പടമുണ്ട്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വിവാദമുണ്ടാക്കുന്നത് എന്നറിയാൻ പാടില്ല.
ഇത് മനപൂർവം എൽ ഡി എഫിനെയും അവിടത്തെ സ്ഥാനാര്ഥിയെയും കരിവാരി തേയ്ക്കാൻ വേണ്ടിയും വോട്ടുമറിക്കാൻ വേണ്ടിയും ചെയ്തൊരു പണിയാണ്. സുധകാരന്റെ ഫോട്ടോ വലിച്ചുകീറി എന്ന് കേൾക്കുമ്പോൾ അവിടെ ആളുകളുടെ ഇടയിൽ ജാതിപരമായ തന്നെ ഒരു വേർതിരിവ് ഉണ്ടാക്കാൻ വേണ്ടി തന്നെ ചെയ്ത തന്ത്രപരമായ പ്രചാരണമാണ്. ബിജെപിക്കാരുടെ സ്ഥിരം അടവാണ് , ഇക്കാര്യത്തിൽ അതിൽ പോലും സൂഷ്മത പുലർത്തി പ്രചരിപ്പിക്കുന്നു എന്നുള്ളതാണ്. ഏതൊരു പ്രശ്നവും വർഗീയമായി ആളിക്കത്തിക്കുക എന്നൊരു തന്ത്രമാണ് അക്കാര്യത്തിൽ ഇവർ സ്വീകരിച്ചത്. ഇത്തരത്തിലുള്ള വിവരക്കേടുകൾ ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
അരിതാ ബാബുവിനെതിരായിട്ടുള്ള പരാമർശത്തിൽ എന്താണ് പറയാനുള്ളത്?
അരിതാ ബാബു എന്ന പേര് ഞാൻ ഇന്ന് വരെ ഉച്ചരിച്ചിട്ടില്ല.ആ സ്ഥാനാർത്ഥിയെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ ജീവിത പ്രയാസങ്ങൾ വലിയ തോതിൽ എടുത്തുകാട്ടി വോട്ടു നേടാനാണ്. അതിന്റെ പേരിൽ നല്ലതുപോലെ പ്രവർത്തിച്ച പ്രതിഭയുടെ പ്രവർത്തനം വിലയിരുത്തണം, പ്രതിഭയിൽ നിന്നൊരു പോരായ്മ വന്നാൽ ചൂണ്ടികാണിക്കണം അതിനു പകരം പ്രതിഭ നടത്തിയ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തെ വിമർശിച്ചോ ല്ലെങ്കിൽ വിലയിരുത്തുന്നതിനു പകരം സ്ഥാനാർത്ഥിയുടെ ജീവിത പ്രയാസമാണ് മാനദണ്ഡമെങ്കിൽ ഹരിപ്പാട് സമ്പന്നനായ ചെന്നിത്തലയുമായി മത്സരിക്കുന്ന എൽ ഡിഎഫ് സ്ഥാനാർഥി സജിലാൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്. മാവേലിക്കരയിലെ സ്ഥാനാർഥി, ചേർത്തലയിലെ സ്ഥാനാർഥി അവരൊക്കെ ജീവിത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികളാണ്. ഇവിടെ മാത്രം ജീവിത പ്രയാസത്തിനു വോട്ടു ചോദിക്കുന്നു എന്ന് പറയുന്നത് ഇതൊരു പാൽ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആയി കാണരുത്.
ഇത് നിയമസഭാ തെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയുടെ പ്രാരാബ്ധമല്ല മാനദണ്ഡം. ഗൗരവമായി കാണേണ്ട ഒരു ഇലക്ഷനാണ് എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു.പക്ഷെ അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഏതാണ്ട് പാൽ സൊസൈറ്റിയിലെ പാൽ കച്ചവടം മോശമാണെന്ന ഏർപ്പാടെന്ന മട്ടിൽ അതിനെ മാറ്റി. അത് ചെയ്തത് താത്കാലിക നേട്ടത്തിന് വേണ്ടിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചാണ് പരാമര്ശം എന്ന് പോലും പറഞ്ഞിട്ടില്ല. അതിൽ വ്യഖ്യാനിച്ച് എടുക്കാമെന്നല്ലാതെ പ്രത്യക്ഷത്തിൽ അങ്ങനെ ഒരു പരാമർശം പറഞ്ഞിട്ടില്ല. സ്വാർത്ഥ താൽപര്യങ്ങൾക്കായി നമ്മൾ ഉദ്ദേശിക്കാത്ത കാര്യങ്ങളെ സംബന്ധിച്ചുള്ള വ്യഖ്യാനം നടത്തി യുഡിഎഫിന് വേണ്ടി നടത്തിയ നല്ലൊരു ഇലെക്ഷൻ വർക്കായിരുന്നു അത്, ചില മാധ്യമങ്ങൾ അത് വിവാദമാക്കി. അവരുടെ ഉദ്ദേശം വോട്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ അവരത് വിട്ടു.
ബിജെപിക്ക് കേരളത്തിൽ ഇത്തവണ എന്തെങ്കിലും സീറ്റ് ലഭിക്കാൻ സാദ്യതയുണ്ടോ?
ഒരു സാദ്യതയും ഞാൻ കാണുന്നില്ല. ഇതിൽ കുറെ മണ്ഡലങ്ങളിൽ യുഡിഎഫിന് അനുകൂലമായ പ്രവർത്തിക്കുന്ന ചിത്രമാണ് ഞാൻ കണ്ടത്.ആലപ്പുഴയിൽ ഉടനീളം അതായിരുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഒന്നിച്ചൊരു ബൂത്തിൽ ഇരിക്കുന്ന സ്ഥിതി പോലും ഉണ്ടായിട്ടുണ്ട്.എൽഡി എഫ് എന്നൊരു കാര്യത്തിൽ അവർക്ക് നിര്ബദ്ധ ബുദ്ധിയുണ്ട്. യുഡിഎഫ് വന്നാൽ കുഴപ്പമില്ല. കുറച്ചു നാള് കഴിഞ്ഞാൽ ആ യുഡിഎഫ് ബിജെപിയായി മാറും അല്ലെങ്കിൽ മാറ്റം. പരസ്യമായി അവരത് പറഞ്ഞല്ലോ 30-35 സീറ്റ് കിട്ടിയാൽ മതി. ബാക്കി ഞങ്ങൾ ഒപ്പിച്ചു എടുത്തോളാം എന്നൊരു പ്രതീക്ഷ അവർ പറയുന്നത് തന്നെ കോൺഗ്രസിനെ കണ്ടോടാണല്ലോ.
തെരെഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കുകയൊക്കെ ചെയ്ത ഒരാളെന്ന നിലയിൽ നല്ല വിജയം ഉറപ്പാക്കാൻ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
