തൃശൂര്‍: കൊടുങ്ങല്ലൂർ യൂ-ബസാർ വേലംമ്പടി കോളനി സ്വദേശിയും പട്ടിക ജാതിക്കാരനുമായ സിബിന്റെ മരണം ആത്മഹത്യയെന്നു പറഞ്ഞു കേസ് അവസാനിപ്പിക്കുന്നുവെന്ന് കുടുംബം. 2019 ഫെബ്രുവരി 9-നാണ് സിബിനെ വീടിന്റെ സമീപത്തുള്ള കുളത്തിടനുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
സയനേഡ് ഉള്ളിൽ ചെന്നതാണ് മരണ കാരണം എന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ബോഡി കണ്ടെടുക്കുമ്പോൾ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കഴുത്തിൽ സൂചി കുത്തിയിറക്കിയ പാടുണ്ടായിരുന്നു. കയ്യിൽ കല്ല് വെച്ച് അമർത്തിയതിന്റെ അടയാളം ഉണ്ടായിരുന്നു. തലക്ക് അടിയേറ്റിരുന്നു.
ഹൈക്കോടതി ജഡ്ജി പോലും ആദ്യഘട്ട വിചാരണ വേളയിൽ ഇതൊരു കൊലപാതകം ആണെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ ഉന്നത ഇടപെടലുകൾ കൊണ്ട് ലോക്കൽ പോലീസും ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്നു പറഞ്ഞു കേസ് അവസാനിപ്പിക്കുകയാണെന്ന് സിബിന്റെ കുടുംബം ആരോപിച്ചു.
കേസിന്റെ തുടര്‍നടപടികള്‍ക്കായി പോലീസിനെ സമീപിക്കുമെന്നും കൊലപാതകികളെ കണ്ടുപിടിക്കുമെന്നും ഭീം ആര്‍മി കേരള പറഞ്ഞു. യൂ-ബസാർ വേലംമ്പടി കോളനിയിലെ പട്ടിക ജാതിക്കാരുടെ സംരക്ഷണം ഏറ്റെടുക്കുന്നതായും ബീം ആര്‍മി പറഞ്ഞു.