ഐപിഎല്‍ ആദ്യ സീസണില്‍ തന്നെ കിരീടം നേടിയവരെന്ന പേരുമായിട്ടാണ് രാജസ്ഥാന് റോയല്‍സ് എല്ലാ സീസണിലും കളിക്കിറങ്ങുന്നത്. ആദ്യ സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ലെങ്കിലും ആരാധകരെ രസിപ്പിക്കുന്ന കളി പുറത്തെടുക്കാന്‍ റോയല്‍സിന് കഴിയാറുണ്ട്. ഇക്കുറി മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലാണ് റോയല്‍സ് കളിക്കുന്നത്.
ബാറ്റ്സ്മാന്മാരും ഓള്‍റൗണ്ടര്‍മാരുമാണ് ഈ സീസണില്‍ റോയല്‍സിന്റെ പിൻബലം. ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് എന്നീ കളിക്കാര്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടവരാണ്. സഞ്ജു സാംസണിനൊപ്പം ഇത്തവണ ടീമിലെത്തിയ ലിയാം ലിവിങ്സ്റ്റോണും റോയല്‍സിന് കരുത്തു പകരുന്നു. കൂടാതെ ശിവം ദുബെ, രാഹുല്‍ തെവാതിയ, ശ്രേയസ് ഗോപാല്‍, റിയാന്‍ പരാജ് എന്നിവരും കൂടി ചേരുമ്പോള്‍ റോയല്‍സ് മികച്ച ടീമുകളിലൊന്നാകും.
എക്കാലവും റോയല്‍സിന്റെ ദൗര്‍ബല്യം ബൗളിങ്ങാണ്. ഇത്തവണയും അതില്‍ കാര്യമായ മാറ്റമില്ല. ജയദേവ് ഉനദ്കട്ടും മനന്‍ വോറയും ക്രിസ് മോറിസുമായിരിക്കും ഇക്കുറി പ്രധാന പേസര്‍മാര്‍. ഒപ്പം ശേയസ് ഗോപാല്‍, രാഹുല്‍ തെവാതിയ, ബെന്‍ സ്റ്റോക്സ് എന്നിവരുമുണ്ടാകും. ജോഫ്ര ആര്‍ച്ചര്‍ പരിക്കേറ്റ് പിന്മാറിയത് ടീമിനെ കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്.