ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന് അജാസ് ഖാനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു. ബോളിവുഡിലും ടെലിവിഷന്‍ രംഗത്തുള്ള സെലിബ്രിറ്റികള്‍ക്കും അജാസ് ഖാന് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതില്‍ നടന്മാരും നടിമാരും ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉടമകളും അധോലോകവുമായി ബന്ധമുള്ള ഗുണ്ടകളുമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതായും അജാസ് ഖാനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു. നാളെ വരെ അജാസ് ഖാൻ എൻ സിബിയുടെ കസ്റ്റഡിയിൽ തുടരും.
മയക്കുമരുന്ന് വില്പനക്കാരായ ഫാറൂഖ് ബറ്റാറ്റയും മകന് ഷാദാബ് ബറ്റാറ്റയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് കഴിഞ്ഞ ചൊവ്വാഴ്ച താരത്തെ കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും മയക്കുമരുന്ന് റാക്കറ്റില്‍ അജാസ് ഖാന് അംഗമാണെന്നും അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് ബോളിവുഡ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് 7ന്റെ ഭാഗമായ അജാസ് ഖാന് പിന്നീട് സിനിമകളിലൂടെയും ശ്രദ്ധേയനായി.2018ല്‍ നവി മുംബൈയില്‍ വച്ച് താരത്തിന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മുംബൈ പൊലീസ് അജാസ് ഖാനെ അറസ്റ്റ് ചെയ്തിരുന്നു.