ന്യൂഡല്‍ഹി: സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെക്കുമെന്ന അഭ്യൂഹം തള്ളി അധികൃതര്‍. സിബിഎസ്ഇ ബോര്‍ഡ് ഇത്തരത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കുമെന്നായിരുന്നു പ്രചാരണം.
മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ പരീക്ഷകള്‍ നടത്താനാണ് നിലവിലെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത്, പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് നിരവധി കുട്ടികളും രക്ഷിതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ നിരവധി സിബിഎസ്ഇ സ്കൂളുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്തുന്നുണ്ട്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വേറെ സ്ഥലങ്ങളിലേക്ക് താമസം മാറിയ വിദ്യാര്‍ത്ഥികള്‍ക്ക്, പരീക്ഷാ സെന്ററുകള്‍ മാറ്റം വരുത്താന്‍ സിബിഎസ്ഇ അനുവാദം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം.