ന്യൂഡല്‍ഹി: വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്ത് നായകസ്ഥാനത്തേക്ക് എത്തുന്നത്.
ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. വിവരം ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
പന്ത് ആദ്യമായാണ് ഒരു ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഐപിഎലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റന്മാരില് ഒരാളാണ് 23 കാരനായ പന്ത്. വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ശ്രേയസ് എന്നിവര്‍ക്ക് ശേഷം ഐപിഎലിലെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്.
കോഹ്ലിയും സ്മിത്തും 22-ാം വയസില്‍ ക്യാപ്റ്റനായപ്പോള്‍ റെയ്നയ്ക്കും ശ്രേയസിനും 23ാം വയസിലാണ് ക്യാപ്റ്റന്റെ തൊപ്പി ലഭിച്ചത്.
അതേസമയം, പരിക്ക് മൂലം ശ്രേയസിന് ഈ സീസണ് മുഴുവന്‍ നഷ്ടമാകും. താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ ഇടത് തോളിന് പരിക്കേല്‍ക്കുകയായിരുന്നു.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.