ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഉടനടി പിഴ ഈടാക്കാന്‍ നിര്‍ദേശം. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. പല വിമാനത്താവളങ്ങളിലു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്കി.
മാസ്ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ പാലിക്കപ്പെടുന്നില്ലേയെന്ന് ഉറപ്പുവരുത്തണമെന്നും എയര്‍ലൈനുകളോട് റഗുലേറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായി പിഴ പോലുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്താമോയെന്ന് ലോക്കല്‍ പൊലീസുമായി ആലോചിച്ച് നടപ്പാക്കാവുന്നതാണെന്നും റെഗുലേറ്റര്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 ആഭ്യന്തര യാത്രക്കാര്‍ക്ക് കഴിഞ്ഞ ആഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 15നും 23നും ഇടക്കുള്ള ദിവസങ്ങളില്‍ ഇന്‍ഡിഗോ, അലയന്‍സ് എയര്‍, എയര്‍ ഏഷ്യ വിമാനങ്ങളില്‍ യാത്രചെയ്ത 15 യാത്രക്കാരെയാണ് ആറ് മാസത്തേക്ക് വിലക്കിയത്.