കാര്‍ത്തി നായകനാകുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഭാഗ്യരാജ് കണ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷനും ഡാന്‍സും റൊമാന്സും ചേര്‍ത്തൊരുക്കിയ ചിത്രമാണ് സുല്‍ത്താന്‍ എന്നാണ് ട്രെയിലറിൽ വ്യക്തമാകുന്നത്.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രശ്മികയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ലാല്‍, ഹരീഷ് പേരടി, നെപ്പോളിയന്, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. വിവേക്- മെര്വിന് കൂട്ടുകെട്ടാണ് സുല്‍ത്താന്റെ സംഗീതം ഒരുക്കുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര് പ്രകാശ് ബാബുവും എസ്.ആര് പ്രഭുവും ചേർന്നാണ് നിർമാണം. അടുത്ത മാസം രണ്ടിന് തിയേറ്ററുകളിലൂടെ പുറത്തിറങ്ങും.