പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള് ഔട്ടായി.
സ്കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317, ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് പുറത്ത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് പ്രസിദ്ധ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തുന്നത്. ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ രണ്ട് വിക്കറ്റെടുത്തു. ക്രുനാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, അരങ്ങേറ്റക്കാരന്‍ കൃണാല്‍ പാണ്ഡ്യ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി ധവാന് 98 റണ്‍സും കോലി 56 റണ്‍സുമെടുത്ത് പുറത്തായി. കൃണാല്‍ 31 പന്തില്‍ 58 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. രാഹുല്‍ 43 പന്തില്‍ 62 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.