ന്യൂ ഡല്‍ഹി: പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ആറ് ആഴ്ച്ചയായിരുന്നു ഡോസുകള്‍ തമ്മിലുള്ള ഇടവേള. വാക്സിന് കൂടുതല്‍ ഫലപ്രദമാകുന്നതിനുവേണ്ടിയാണ് പുതിയ തീരുമാനം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് പുതിയ തീരുമാനം ബാധകമാവുക. അതേസമയം, ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷന് ഫോര്‍ കോവിഡ്-19 എന്നിവ ചേര്‍ന്നാണ് വാക്സിന് ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 4.50 കോടി വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്.