ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്ന ഓസ്‌ട്രേലിയൻ ഇരുചക്ര വാഹന നിർമാണ ഗ്രൂപ്പാണ് V-മോടോ. ഇന്ത്യൻ കമ്പനിയായ ബേർഡ് ഗ്രൂപ്പുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബ്രാൻഡിന്റെ രണ്ട് ഉൽപ്പന്നങ്ങളായ സൂപ്പർ സോകൊ CU-മിനി, സൂപ്പർ സോകൊ CUx എന്നിവയുടെ വിതരണവുമായി സഹകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.
ചൈനീസ് ബ്രാൻഡായ സൂപ്പർ സോകൊയുമായി V-മോടോ കഴിഞ്ഞ വർഷം ഒരു സംയുക്ത സംരംഭത്തിന് രൂപം നൽകി. കൂട്ടുകെട്ടിന്റെ ഭാഗമായി TS സ്ട്രീറ്റ് ഹണ്ടർ, TC വാണ്ടറർ, CU-മിനി എന്നീ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അവർ വെളിപ്പെടുത്തി. ബേർഡ് ഗ്രൂപ്പിന്റെ മാർക്കറ്റ് പഠനമനുസരിച്ച്, സൂപ്പർ സോകൊ CU-മിനി, സൂപ്പർ സോകൊ CUx എന്നിവ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഓഫറുകളാണ്. ബേർഡ് ഗ്രൂപ്പ് ഈ മാസം 20 സൂപ്പർ സോകൊ CU-മിനി സാമ്പിൾ യൂണിറ്റുകൾ ട്രയലിനായി വാങ്ങും. ഈ പ്രാരംഭ യൂണിറ്റുകൾ ന്യൂഡൽഹിയിലെ സർക്കാർ നേതൃത്വത്തിലുള്ള റൈഡ്-ഷെയറിംഗ് പ്രോജക്ടിന് കീഴിൽ ഉപയോഗിക്കാൻ സമർപ്പിച്ചേക്കാം.ഹ്രസ്വ, നഗര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ലൈറ്റ് സ്കൂട്ടറാണ് സൂപ്പർ സോകൊ CUx, തുടക്കക്കാർക്ക് പോലും ഇത് ഡ്രൈവ് ചെയ്യാൻ എളുപ്പമാണ്.
7.2 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി പായ്ക്ക് വീട്ടിലോ ഓഫീസിലോ ചാർജ് ചെയ്യുന്നതിന് നീക്കംചെയ്യാവുന്നതാണ്. 100 ശതമാനം വരെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യുന്നതിന് ഏകദേശം ഏഴ് മണിക്കൂർ എടുക്കും, പൂർണ്ണ ചാർജിൽ ഇത് 60 – 70 കിലോമീറ്റർ പരിധി നൽകും. CU-മിനി ഇലക്ട്രിക് സ്കൂട്ടറിന്റെ ഉയർന്ന വേഗത 45 കിലോമീറ്ററാണ്. എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി റിയർ ടേൺ സിഗ്നലുകൾ, റിമോട്ട് കീലെസ്സ് സ്റ്റാർട്ട്, മോണോക്രോം എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12 ഇഞ്ച് വീലുകൾ എന്നിവ സ്‌കൂട്ടറിനൊപ്പം ലഭ്യമാണ്. ആഗോളതലത്തിൽ, റെഡ്, ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ നാല് പെയിന്റ് സ്കീമുകളിൽ ഇത് ലഭ്യമാകും.