ന്യൂഡല്‍ഹി: ടെലികോം സേവനദാതാവായ ബി.എസ്.എന്‍.എല്‍ വില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ രാജ്യമെമ്ബാടും 4ജി കവറേജ് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്യൂണിക്കേഷന്‍ സഹമന്ത്രി സഞ്ജയ് ധോത്ര പറഞ്ഞു. ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ലോക് സഭയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ ലൈസന്‍സുള്ള ടെലികോം സേവന ദാതാക്കള്‍ വ്യത്യസ്ത സെല്ലുലാര്‍ മൊബൈല്‍ സാങ്കേതികവിദ്യകളായ 2 ജി, 3 ജി, 4 ജി എന്നിവയും അവയുടെ കോമ്ബിനേഷനുകളും വോയ്സ്, ഡാറ്റ സേവനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നത് ഓപ്പറേറ്റര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2017 ലെ പൊതു ധനകാര്യ ചട്ടത്തിലെ റൂള്‍ 144 (xi) ഉള്‍പ്പെടെ സര്‍ക്കാരിന്റെ ബാധകമായ നിയമങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ പൊതുസംഭരണ ഉത്തരവുകള്‍ ബിഎസ്എന്‍എല്‍ പിന്തുടരും, ” – സഞ്ജയ് ധോത്ര വ്യക്തമാക്കി.
വരാനിരിക്കുന്ന 4 ജി ടെണ്ടറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ പ്രൂഫ് ഓഫ് കണ്സെപ്റ്റിനോ (പിഒസി) വേണ്ടി 2021 ജനുവരി ഒന്നിന് ബിഎസ്എന്‍എല്‍ താല്പര്യപത്രം ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.