ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 89 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ (60 നോട്ടൗട്ട്), രോഹിത് ശർമ്മ (49) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ആദ്യ ഘട്ടത്തില്‍ രോഹിത് ശർമ്മയുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടുമ്പോഴും ക്രീസില്‍ പിടിച്ചുനിന്ന രോഹിത് 144 പന്തുകളില്‍ നിന്നാണ് താരം 49 റണ്‍സ് നേടിയത്. ഇതിനിടെ ചേതേശ്വർ പൂജാര (17), വിരാട് കോലി (0), അജിങ്ക്യ രഹാനെ (27) എന്നിവരൊക്കെ പവലിയനിലേക്ക് മടങ്ങിയിരുന്നു. 49 റൺസെടുത്ത് രോഹിത് പുറത്തായതിനു പിന്നാലെ അശ്വിനും (13) മടങ്ങി. പിന്നീട് എത്തിയ ഋഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. വൈകാതെ പന്ത് അര്‍ധസെഞ്ചുറി തികച്ചു. സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
വൈകാതെ പന്ത് സെഞ്ചുറിയും നേടി. 115 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് പന്ത് സെഞ്ചുറി നേടിയത്. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. എന്നാല്‍ സെഞ്ചുറി നേടിയതിനുപിന്നാലെ 101 റണ്‍സെടുത്ത പന്തിനെ ആന്ഡേഴ്സന് പുറത്താക്കി. സുന്ദറിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പന്ത് മടങ്ങിയത്. പന്തിൻ്റെ ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സെഞ്ചുറിയാണ് ഇത്.
പന്ത് പുറത്തായെങ്കിലും പിന്നാലെ എത്തിയ അക്സർ പട്ടേൽ വാഷിംഗ്ടൺ സുന്ദറിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ സുന്ദർ ഫിഫ്റ്റി തികച്ചു. സുന്ദർ (60), അക്സർ പട്ടേൽ (11) എന്നിവർ ക്രീസിൽ തുടരുകയാണ്.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.