നീതിപീഠത്തിന്‍റെ ലിംഗമേത്?

സ്വതന്ത്രവും നീതിയുക്തവുമായ പാരമ്പര്യമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുഖമുദ്ര. ജനാധിപത്യത്തിന് ഇളക്കം തട്ടാതെ കാത്തുസൂക്ഷിക്കുന്ന, നിലംപൊത്താതെ താങ്ങിനിര്‍ത്തുന്ന ഭരണഘടന സ്ഥാപനം. മതേതര പരമാധികാര സമത്വ രാഷ്ട്രത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ ലക്ഷ്യം, തെറ്റാതെ സൂക്ഷിക്കുന്ന നെടുംതൂണ്‍…പക്ഷെ, ഇത്തരം പൊതുസങ്കല്‍പ്പങ്ങളെ വ്യര്‍ത്ഥമാക്കിക്കൊണ്ട് വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയ നീതിന്യായ സംവിധാനത്തെയാണ് നമുക്കിന്ന് കാണാന്‍ സാധിക്കുന്നത്. ആണ്‍ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിധിപ്രസ്താവങ്ങളും വൃഥാനിരീക്ഷണങ്ങളും നടത്തി തീര്‍ത്തും അപലപനീയമായ അപചയത്തിലേക്ക് കൂപ്പുകുത്തുന്ന ന്യായാധിപരാണ് നമുക്ക് മുന്നിലുള്ളത്.

ലിംഗപരമായ മുന്‍വിധികളില്‍ വിഹരിക്കുന്നതും പുരോഗമനസമൂഹം കനിഞ്ഞു നല്‍കിയ സാംസ്‌കാരിക മേലാപ്പുകള്‍ ചുമക്കുന്നതുമായ വിധിന്യായങ്ങള്‍, നീതിന്യായ കോടതികളുടെ പ്രതിച്ഛായയ്ക്ക് തന്നെ ഭംഗം വരുത്തുന്നവയാണ്. സ്ത്രീവിരുദ്ധ പൊതുബോധത്തില്‍ നിന്ന് ഇനിയും മുക്തി നേടാത്ത നീതിപീഠങ്ങള്‍ സംവേദനക്ഷമമല്ലാത്ത നിരീക്ഷണങ്ങള്‍ നടത്തി ജനാധിപത്യമൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്.

ബലാത്സംഗവുമായി ബന്ധപ്പെട്ട പല കേസുകളുടെ വിധിനിര്‍ണയത്തിനിടയിലും ആണ്‍മേല്‍ക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ധ്വനികള്‍ പകല്‍ പോലെ തെളിഞ്ഞിട്ടുണ്ട്. പ്രതിയുടെ വരണമാല്യം ഇരയ്ക്ക് നീതിയാകുമെന്ന് നിരീക്ഷിച്ച് വിവാഹ ദല്ലാളാകാന്‍ വരെ മടിക്കാത്ത ബഹുമാന്യനായ ജഡ്ജി പ്രമുഖനടക്കം, പുരുഷകേന്ദ്രീകൃത പൊതുബോധത്തെ ചട്ടങ്ങള്‍ക്കുംമേലെ പ്രതിഷ്ഠിക്കുകയാണ്. സ്ത്രീകളുടെ അവകാശപോരാട്ടങ്ങള്‍ ഫലംകാണാന്‍ ഇനിയും എത്രയോ ദൂരം താണ്ടണമെന്ന വസ്തുതയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്.

പോക്സോ കേസിലെ ആരോപണ വിധേയനോട് ‘നിങ്ങള്‍ ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണോ?’ എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചോദിക്കുമ്പോള്‍ അത്രമേല്‍ ആശങ്കകളാണ് ഉരുത്തിരിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി അതിക്രമം ആവര്‍ത്തിക്കുകയും ചെയ്തയാളാണ് പ്രതി. പൊലീസ് കേസ് ഒഴിവാക്കുന്നതിന് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് രേഖയുണ്ടാക്കി ഒടുക്കം അതിനുള്ള സാഹചര്യം വന്നപ്പോള്‍ വിവാഹിതനാണെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു അയാള്‍. ഇതേതുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തത്.

സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പരാതിക്കാരിയുടെ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് ജോലിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്‍ എന്ന പ്രതി സുപ്രീംകോടതിയെ സമീപിക്കുന്നത്. അറസ്റ്റ് നാലാഴ്ചത്തേക്ക് തടഞ്ഞുവെച്ച് പ്രതിയോട് അനുകമ്പ കാട്ടിയ കോടതി സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നു പറഞ്ഞ് ഹർജി തീര്‍പ്പാക്കുകയും ചെയ്തു.

സുപ്രീംകോടതി ഉത്തരവ്

‘ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012′ അഥവ പോക്സോ നിയമം,18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് പ്രാബല്യത്തില്‍ വന്നത്. ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതടക്കം ഈ നിയമപ്രകാരം കുറ്റകരമാണ്. ഇതേ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ ജീവനക്കാരോ, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ജയില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരോ, സായുധ, സുരക്ഷാ സേനയിലെ ജീവനക്കാരോ ആണെങ്കില്‍ പോക്​സോ പ്രകാരം കുറ്റകൃത്യത്തിന്‍റെ ഗൗരവം വര്‍ധിക്കും. എന്നിരിക്കെയാണ് സുപ്രീംകോടതി പ്രതിയുടെ അറസ്റ്റ് തടയുന്നതടക്കമുള്ള നിലപാടെടുക്കുന്നത്. ഇവിടെ അവശേഷിക്കുന്നത് നിര്‍ണ്ണായകമായ ഒരു ചോദ്യം മാത്രം. ആ പെണ്‍കുട്ടി നീതിക്കുവേണ്ടി ഇനി ആരെയാണ് സമീപിക്കേണ്ടത്?

വിവാഹം ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമാകുന്നതെങ്ങനെയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. താന്‍ ആക്രമിക്കപ്പെട്ടത് ആരാലാണോ അവരുടെ കൂടെ ജീവിക്കുകയെന്നത് ഒരു ഇരയെ സംബന്ധിച്ച് എന്ത് സമാശ്വാസമാണ് നല്‍കുന്നത്. ഇതാണോ പരമ പവിത്രമായ ഭാരതത്തിന്‍റെ നിയമവ്യവസ്ഥ പെണ്‍വര്‍ഗത്തിന് കരുതി വച്ച നീതി. വിവാഹം കഴിക്കാന്‍ തയ്യാറാകുന്നതിലൂടെ പ്രായപൂര്‍ത്തിപോലുമാകാത്ത പെണ്‍കുട്ടിയെ അതിക്രമിച്ച് കീഴ്‌പ്പെടുത്തിയ പ്രതി എങ്ങനെയാണ് കുറ്റവിമുക്തനാവുക? പുരോഗമനസമൂഹം കുടഞ്ഞെറിഞ്ഞ ചില പൊതുബോധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് .


സ്ത്രീ ശരീരമെന്നാല്‍ തൊട്ടാല്‍ ഉടയുന്ന പളുങ്കു പാത്രമാണ്. അതില്‍ ജീവനല്ല, മാനത്തിനാണ് വില. ഇനി വിവാഹത്തിനു മുമ്പ് ആ പളുങ്കു പാത്രത്തിന് ക്ഷതമേറ്റാലോ? അത് എങ്ങുമില്ലാത്ത അപരാധമാകും. കുടുംബത്തിന്‍റെ മാനാഭിമാനം നഷ്ടപ്പെടും. പോരാത്തതിന് വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം പാടില്ലെന്ന വിലക്കുമുണ്ട് സ്ത്രീക്ക്. അതിനാല്‍ ആക്രമിച്ചയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നതാണ് പൊതുബോധം. ലൈംഗികാതിക്രമത്തിനു ശേഷം വല്ലാത്ത മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും ഇരട്ട പ്രഹരമാണ് കോടതിയുടെയും കുടുംബത്തിന്‍റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ജീവിതകാലം മുഴുവന്‍ റേപ്പിസ്റ്റിനൊപ്പം കഴിയുകയെന്നത്.

ബലാത്സംഗ കേസുകളില്‍ വിവാഹവാഗ്ദാനത്തോടെ വഴിത്തിരിവുണ്ടാകുന്നത് ഇതാദ്യ സംഭവമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിവാഹവാഗ്ദാനം നല്‍കി റേപ്പ്​ ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ പഞ്ചാബ് സ്വദേശിയായ യുവാവിനെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്ന ഉറപ്പ് ലഭിച്ചതോടെയായിരുന്നു നടപടി.

പെണ്‍കുട്ടി ദളിത് വിഭാഗത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് പൊലീസില്‍ പരാതിപ്പെട്ട യുവതിയുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്ന് നടന്ന വിചാരണക്കിടെയാണ് പ്രതി വിവാഹത്തിന് സമ്മതിച്ചത്. ‘ക്രിമിനല്‍ കേസില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് വിവാഹത്തിന് സമ്മതമറിയിച്ചതെന്ന് കണ്ടാല്‍, ഞങ്ങള്‍ നിങ്ങളെ ജയിലിലയക്കും… ഓര്‍ത്തോ’ എന്നായിരുന്നു അന്ന് ഉന്നത നീതിപീഠം നല്‍കിയ താക്കീത്.

2020 നവംബര്‍ മാസത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പോക്സോ കേസില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചിരുന്നു. പതിനേഴ് വയസ്സു പ്രായമുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷം വിവാഹം ചെയ്യാമെന്ന നിബന്ധനയ്ക്കു പുറത്തായിരുന്നു ജാമ്യം. 2015 ജൂണില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സമാന നടപടിയുണ്ടായപ്പോള്‍ പെണ്‍കുട്ടി അതിനു തയ്യാറായിരുന്നില്ല. ‘അയാളോട് സംസാരിക്കാനോ വിവാഹം കഴിക്കാനോ ഞാന്‍ തയ്യാറല്ല,’ എന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചത്. 2015 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതിയിലും ഇത്തരത്തിലൊരു കേസ് ഒത്തു തീര്‍പ്പാക്കിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിനിരയായ യുവതി ജയിലില്‍ കഴിയുന്ന പ്രതിയെ വിവാഹം കഴിക്കുന്ന സംഭവങ്ങളും നമ്മുടെ നാട്ടില്‍ വിചിത്രമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഒഡീഷയിലെ ചൗദ്വാര്‍ സര്‍ക്കിള്‍ ജയിലില്‍ വച്ചായിരുന്നു സംഭവം. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ബലാത്സംഗത്തിരയായത്. പ്രതി നേരത്തെ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍, ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി സ്വീകരിച്ചില്ല. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുന്നതും പ്രതി അറസ്റ്റിലാകുന്നതും. പീന്നീട് വിചാരണക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ച് പെണ്‍കുട്ടിയെ സ്വീകരിക്കാമെന്നറിയിച്ചത്.

ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി സമ്മതിച്ചതോടെ, മുന്‍നിലപാട് മാറ്റിയ സംഭവവും ഇന്ത്യന്‍ നീതിപീഠത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 2005 മേയില്‍ ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയാണ് വിധി പ്രസ്താവിക്കാനൊരുങ്ങുന്നതിനു തൊട്ടുമുമ്പായി താന്‍ ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി അറിയിച്ചതോടെ നിലപാടുമാറ്റിയത്. എന്നാല്‍ പെണ്‍കുട്ടി അത് നിഷേധിക്കുകയായിരുന്നു.

കേരളത്തില്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം​ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട പുരോഹിതന്‍ റോബിന്‍ വടക്കുംചേരി, താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അതിനായി ശിക്ഷയിളവ് നല്‍കണമെന്നും അറിയിച്ച് 2020ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പ്രതിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നുമായിരുന്നു അന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ച നിലപാട്. ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം കിട്ടണമെങ്കില്‍ ഇരയുടെ കൈയ്യില്‍ രാഖി കെട്ടണമെന്ന് വിധിച്ച കോടതിവരെയുണ്ട് ഇന്ത്യയില്‍. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനും ആഘോഷങ്ങള്‍ക്കായി ഒരു നിശ്ചിത തുക നല്‍കാനുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്.

ലൈംഗികാതിക്രമത്തിനിരകളായ പെണ്‍കുട്ടികളുടെ കുടുംബം ആത്മാഭിമാനം കണക്കിലെടുക്കുമ്പോള്‍ കേസില്‍ നിന്ന് തലയൂരാനുള്ള വഴികളാണ് വിവാഹ വാഗ്ദാനത്തിലൂടെയും മറ്റും പ്രതികള്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രായപൂര്‍ത്തി പോലുമാകാത്ത പെണ്‍കുട്ടികള്‍ വീട്ടുകാരുടെയും കോടതിയുടെയും തീരുമാനങ്ങള്‍ക്ക് വഴങ്ങുന്നുവെന്നല്ലാതെ മുന്നോട്ടുള്ള ജീവിതത്തിന്‍റെ പ്രായോഗിക വശങ്ങളൊന്നും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ബലാത്സംഗം എന്നത് വിവാഹത്താല്‍ ന്യായീകരിക്കേണ്ട കുറ്റകൃത്യമാണെന്നോ, ഇരയെ വിവാഹം ചെയ്താല്‍ ഒരു റേപ്പിസ്റ്റ്, റേപ്പിസ്റ്റല്ലാതാകുമെന്നോ വ്യാഖ്യാനിക്കാനാവില്ല. നീതി നടപ്പിലാക്കേണ്ട കോടതി പോലും സ്ത്രീയെ ചവിട്ടിത്താഴ്ത്തുന്ന പൊതുബോധങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നുവെന്നതാണ് ഇവിടെ അപലപനീയം.

ലിംഗപരമായ മുന്‍വിധികളില്‍നിന്നുകൊണ്ട് സ്ത്രീവിരുദ്ധതയിലും പുരുഷാധിപത്യ പൊതുബോധങ്ങളിലുമൂന്നി വിധി പ്രസ്താവം നടത്തുന്ന നീതിന്യായ സംവിധാനങ്ങള്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ബംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ബലാത്സംഗംചെയ്ത പുരുഷനൊപ്പം ഉറങ്ങുന്നത് ഭാരതസ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്നാണ് 2020 ജൂണില്‍ കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗംചെയ്തു എന്ന യുവതിയുടെ വാദം ഈ ഘട്ടത്തില്‍ അംഗീകരിക്കാന്‍കഴിയില്ലെന്നായിരുന്നു പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്.

ബലാത്സംഗത്തിനിരയായി അവശയായി ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ‘ഭാരതസ്ത്രീ’ക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും ബലാത്സംഗമാണ് നടന്നതെങ്കില്‍ സ്ത്രീ ഇങ്ങനെയല്ല പ്രതികരിക്കുകയെന്നുമായിരുന്നു അന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞത്. ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള കുറെ മിത്തുകളുണ്ട് സമൂഹത്തില്‍. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മഹത്യചെയ്യും, പൊട്ടിക്കരയും, അലറിവിളിക്കും എന്നതൊക്കെയാണ് നിലവിലെ ചില സങ്കല്പങ്ങള്‍. ഇതില്‍നിന്നല്പം മാറിയാല്‍ സ്ത്രീയുടെ സ്വഭാവശുദ്ധിവരെ ചോദ്യംചെയ്യപ്പെടുകയാണ് സമത്വ സുന്ദരമായ ഇന്ത്യാ മഹാരാജ്യത്ത്. പഴക്കം ചെന്ന ഈ പുരുഷകേന്ദ്രീകൃത ബോധങ്ങളില്‍ നിന്ന് നീതിപീഠം മുന്നോട്ട് സഞ്ചരിക്കാത്തതെന്തുകൊണ്ടെന്നത് അത്യന്തം ആശങ്കാജനകം തന്നെയാണ്.

സിന്ദൂരം തൊടാത്തത് സ്ത്രീ വിവാഹം നിരാകരിക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ ഭര്‍ത്താവിന് വിവാഹമോചനം നല്‍കണമെന്നും വിധിച്ചത്, നീതി വ്യവസ്ഥയിലൂന്നി നില്‍ക്കുന്നകോടതികളിലൊന്നാണെന്ന കാര്യം നാം വിസ്മരിച്ചുകൂട. 2020 ജൂണിലാണ് ഗുവാഹട്ടി കോടതി ഇത്തരമൊരു വിചിത്ര വിധി പുറപ്പെടുവിച്ചത്. സ്ത്രീ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും പുരുഷന്‍റെ സ്വത്തല്ലെന്നുമുള്ള സുപ്രീംകോടതി വിധി നിലവില്‍ വന്നിട്ട് അധികകാലമായിരുന്നില്ല, അതിനുമുന്‍പേയാണ് ഭര്‍ത്താവിന്‍റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭാര്യ ജീവിച്ചില്ലെങ്കില്‍ വിവാഹമോചനമാവാം എന്ന സന്ദേശം നല്‍കുന്ന വിധി പുറത്തുവന്നത്. ഇത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന സംഭവമായിരുന്നു. കാലാകാലങ്ങളായുള്ള അവകാശ സമരങ്ങള്‍ ഇനിയും കാതങ്ങള്‍ താണ്ടാനുണ്ടെന്ന വസ്തുതയാണ് സ്ത്രീകള്‍ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ തേടുന്ന നീതി ഇവിടെ ലഭ്യമല്ല. ഇതാണ് നീതിയെന്ന് കാട്ടി നിങ്ങളെ കബളിപ്പിക്കുകയാണ്.