ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലാണ് അമിത് ഷാ വാക്സിന് സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വാക്സിന് സ്വീകരിച്ചു.
മെദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് അമിത് ഷായ്ക്ക് വാക്സിന് നല്‍കിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ ഇന്ന് ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെയാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മുഴുവന്‍ പൗരന്മാരും വാക്സിന് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഭ്യര്‍ഥിച്ചു. നമ്മുടെ േഡാക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും കോവിഡ് 19 നെതിരെ നടത്തുന്ന പോരാട്ടം സ്തുത്യര്‍ഹമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നിലവിലെ ഘട്ടത്തില്‍ വാക്സിനേഷനായുള്ള രജിസ്ട്രേഷന് കോവിന്‍ 2.0 പോര്‍ട്ടലില്‍ തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള പൗരന്മാര്ക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്കും രോഗാവസ്ഥകളുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.