മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ വാരിയം കുന്നത്ത് ഹാജിയായി എത്തുന്നത് തെന്നിന്ത്യൻ താരം തലൈ വാസൽ വിജയ് ആണ് എന്ന് പ്രഖ്യാപിച്ച് അലി അക്ബർ. ഷൂട്ടിംഗ് സൈറ്റിൽ നിന്നുള്ള ഫേസ്ബുക് വിഡിയോയിലൂടെയാണ് ഇക്കാര്യം അലി അക്ബർ അറിയിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിട്ടിരിക്കുന്ന തലൈവാസൽ വിജയിയെയും വിഡിയോയിൽ കാണാം.
”മനോഹരമായ ചിത്രമാണിത്. ഞാൻ 200-300 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പക്ഷെ ചില സിനിമയിലേ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും.വലിയ താല്പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ. ഇത് അത്തരത്തിലുള്ളൊരു സിനിമയാണ്. എന്റെ കരിയറിലെ പ്രധാന സിനിമകളിൽ ഒന്ന്”എന്നാണ് ഈ ചിത്രത്തെ കുറിച്ച് തലൈവാസൽ വിജയ് പറഞ്ഞിരിക്കുന്നത്.
ആദ്യ ഷെഡ്യൂളിലെ തലൈവാസൽ വിജയുടെ രംഗങ്ങൾ നാളെ പൂർത്തിയാകും. വയനാട് ആണ് ഷൂട്ടിംഗ് നടക്കുന്നത്. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരെയും അദ്ദേഹം പരിചയപ്പെടുത്തി. വാരിയം കുന്നത്ത് ഹാജിയുടെ കഥ പറയുന്ന സിനിമ ആഷിക് അബു പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിക്കുന്നത്.