അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 49 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തി. 15 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 25 റണ്‍സെടുത്ത രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ 7.4 ഓവറില്‍ വിജയത്തിലെത്തിച്ചു.
സ്കോര്‍ ഇംഗ്ലണ്ട്: 112, 81.
ഇന്ത്യ: 145, 49 ന് പൂജ്യം.
കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓപ്പണർമാർ ചേർന്ന് അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ജോ റൂട്ട് എറിഞ്ഞ ഇന്നിംഗ്സിലെ 8ആം ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സറും അടിച്ച് രോഹിത് ആണ് ഇന്ത്യയെ ജയത്തിൽ എത്തിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 81 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്പിന്നർമാരാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്ത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ടിന്നിങ്സുകളില്‍ നിന്നുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.
25 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. സ്റ്റോക്സിനെ കൂടാതെ ജോ റൂട്ട് (19), ഒലി പോപ്പ് (12) എന്നിവർ മാത്രമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നുള്ളൂ.
ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിന്റെ എതിരാളികൾ.