മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അമരാവതി ജില്ലയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് വൈകുന്നേരം മുതല്‍ ഒരാഴ്ച്ചത്തേക്കാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി യശോമതി ഠാക്കൂര്‍ അറിയിച്ചു.
അതേസമയം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ലോക്ക് ഡൗണ്‍ കാലയളവില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമെ അനുമതി ഉണ്ടായിരിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് മുതല്‍ രാഷ്ട്രീയ, മത സാമൂഹിക സമ്മേളനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.