ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് വിധി പറയുക. നേരത്തെ ഇതേ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 29 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.