ബാംഗ്ലൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരെ കേരളത്തിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു.
പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ വി ജയദേവന് മഴനിയമപ്രകാരം കേരളം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ഗൗരവ് ചൗധരി, സന്ദീപ് പട്നായിക്ക് എന്നിവര്‍ മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 119 റണ്‍സ് ചേര്‍ത്ത ഇവരുടെ കൂട്ടുകെട്ട് തകര്‍ത്തത് നായകന് സച്ചിന് ബേബിയാണ്. സന്ദീപിനെ ശ്രീശാന്ത് മടക്കിയതോടെ പിന്നീട് വന്ന ബാറ്റ്സ്മാന്മാര്ക്ക് പൊരുതാനാകാതെയായി. എന്നാല്‍ 40 പന്തില്‍ 45റണ്‍സ് നേടി കാര്‍ത്തിക് ബിസ്വാള്‍ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളവും കരുതിയാണ് തുടങ്ങിയത് എന്നാല്‍ സ്കോര്‍ 61ലെത്തിയതും വിഷ്ണു വിനോദ് (24 പന്തുകളില്‍ 28) പുറത്തായി. വിഷ്ണുവിനൊപ്പം ഓപ്പണ്‍ ചെയ്ത ഉത്തപ്പ മികച്ച പ്രകടനമാണ് പുറത്തെടുത്തത് 85 പന്തുകളിലാണ് ഉത്തപ്പ 107 റണ്‍സ് നേടിയത്. നായകന് സച്ചിന് ബേബി (40), സഞ്ജു സാംസണ്(4) എന്നിവര്‍ പുറത്തായപ്പോള്‍ മുഹമ്മദ് അസറുദ്ദീന്(23) വത്സല്‍ ഗോവിന്ദ്(29) എന്നിവര്‍ പുറത്താകാതെ നിന്നു.
കേരളത്തിനായി ശ്രീശാന്ത്, നിധീഷ്,ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.