ചണ്ഡീഗഡ് :പഞ്ചാബിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ നേട്ടം. അകാലിദളിനും ബിജെപിക്കും ആം ആദ്മിക്കും ശക്തമായ തിരിച്ചടി നൽകി ഒട്ടുമിക്ക എല്ലാ ഇടങ്ങളിലും കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടി. കോൺഗ്രസിന്റെ വിജയം കാർഷിക നിയമങ്ങളോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ വികാര പ്രകടനമാണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രതികരിച്ചു.
കാർഷിക നിയമങ്ങൾക്ക് എതിരായി നടക്കുന്ന പ്രക്ഷോഭങ്ങൾ തന്നെയായിരുന്നു പഞ്ചാബിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് മികച്ച മുന്നേറ്റം തെരഞ്ഞെടുപ്പിൽ ഉണ്ടായി.
2,302 വാർഡുകൾ എട്ട് മുനിസിപ്പൽ കോർപ്പറേഷൻ, 190 മുനിസിപ്പൽ കൗൺസിൽ നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഫലം പുറത്ത് വന്ന ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും കോൺഗ്രസ് വിജയിച്ചു. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് പക്ഷം ചേർന്നത്.
53 വർഷത്തിന് ശേഷമാണ് ഭട്ടിൻഡയിൽ കോൺഗ്രസ് ഭരണം നേടുന്നത്. ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിൽ കോൺഗ്രസ് മുന്നിലെത്തി. ശിരോമണി അകാലിദൾ എട്ടിടത്ത് മാത്രമാണ് വിജയിച്ചത്. ബിജെപിക്ക് എങ്ങും നേട്ടം ഉണ്ടാക്കാനായില്ല.
9,222 സ്ഥാനാർത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ. 2832 പേർ. 2037 സ്ഥാനാർത്ഥികളെ കോൺഗ്രസ് മത്സരിപ്പിച്ചു. ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല.