നമ്മുടെ പറമ്പിലും തൊടികളിലും കാണപ്പെടുന്ന ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കീഴാര്‍ നെല്ലി. നിരവധി അസുഖങ്ങളെ ഇല്ലാതാക്കാനുളള ഒരു മരുന്നാണിത്. കാണാന്‍ അത്ര വലുപ്പമില്ലെങ്കിലും ഔഷധ വീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി വലിയവന്‍ തന്നെയാണ്. മഞ്ഞപ്പിത്തത്തില്‍ നിന്നും രക്ഷനേടാനുള്ള ഏറ്റവും മികച്ച ഔഷധമാണ് കീഴാര്‍നെല്ലി.
ഇത് ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് പത്ത് മില്ലി വീതം പശുവിന്‍ പാലില്‍ ചേര്‍ത്തു രാവിലെയും വൈകുന്നേരവും തുടര്‍ച്ചയായി ഏഴ് ദിവസം കഴിച്ചാല്‍ മഞ്ഞപ്പിത്തം കുറയുമെന്നാണ് പാരമ്പര്യ വൈദ്യം പറയുന്നത്. കീഴാര്‍നെല്ലിയില്‍ അടങ്ങിയിട്ടുള്ള ഫില്ലാന്തിന്‍, ഹൈപ്പോഫില്ലാന്തിന്‍ എന്നീ രാസഘടകങ്ങളാണ് മഞ്ഞപ്പിത്തം കുറയ്ക്കാന്‍ സഹായിക്കുന്നത്.
കരളിന്റെ ആരോഗ്യം ശക്തിപ്പെടുത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാര്‍നെല്ലി. ഇതില്‍ അടങ്ങിയിട്ടുള്ള നിരോക്‌സീകാരകങ്ങള്‍, അസ്ഥിര സംയുക്തങ്ങളായ സ്വതന്ത്ര റാഡിക്കലുകള്‍ വരുത്തുന്ന നാശത്തില്‍ നിന്ന് കരളിനെ രക്ഷിക്കുന്നു. വൈറല്‍ ബാധ വഴി കരളിനുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്- ബി എന്ന രോഗത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു
മൂത്രാശയരോഗങ്ങള്‍ക്കുളള ഒരു പരിഹാരം കൂടിയാണ് കീഴാര്‍നെല്ലി. ഇതിന്റെ നീരു കുടിയ്ക്കുന്നത് വളരെ നല്ലതാണ്. കീഴാര്‍ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാര്‍ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇല ചവച്ചരച്ചു കഴിച്ചാലും മതിയാകും. ഇളം പുളിയോടു കൂടിയ ഇതിന്റെ ഇലകള്‍ക്ക് അത്യാവശ്യം രുചിയുമുണ്ട്.
കൂടാതെ, ഔഷധ ഗുണമുളള കീഴാര്‍നെല്ലി ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങള്‍ക്കുമുളള മരുന്നായി ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നു. അതേസമയം, മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കീഴാര്‍നെല്ലി.