ഗ്വാണ്ടനാമോ തടവറ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന, അമേരിക്കയുടെ കൈവശമുള്ള തടങ്കല്‍ പാളയം. ആഗോളതലത്തില്‍ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്കയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ കോണ്‍സന്‍ട്രേഷന്‍ ക്യാംപ്. കൊല്ലുക, അല്ലെങ്കില്‍ വിചാരണ കൂടാതെ അനന്തമായി ജയിലിലടച്ച് പീഡിപ്പിക്കുകയെന്നത് മാത്രമാണ് “ഭീകരവാദ”ത്തിന് പരിഹാരം എന്നായിരുന്നു മനുഷ്യാവകാശ ധ്വംസനങ്ങളുടെ അങ്ങേയറ്റമായ ഗ്വാണ്ടനാമോ തടവറ തുറന്നുകൊണ്ട് ജോര്‍ജ്ജ് ബുഷിന് കീഴിലെ റിപ്പബ്ലിക്കന്‍ ഭരണകൂടം പറഞ്ഞുവച്ചത്.
നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ക്കു ശേഷം മാത്രമേ കുറ്റവാളികളെ അഴിക്കുള്ളിലിടാവൂ എന്നും മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ നീതിരാഹിത്യം പാടില്ലെന്നും നിഷ്കര്‍ഷിക്കുന്ന അമേരിക്കന്‍ ഭരണഘടനയുടെ അഞ്ചും പതിനാലും ഭേദഗതികളെ പാടെ ലംഘിച്ചുകൊണ്ടായിരുന്നു ഗ്വാണ്ടനാമോ ഡിറ്റന്‍ഷന്‍ ക്യാംപ് സ്ഥാപിക്കപ്പെട്ടത്. അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്റായി അവരോധിക്കപ്പെട്ട ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ കാരാഗൃഹം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
2008ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മുന്നോട്ടുവച്ച സുപ്രധാനമായ വാഗ്ദാനമായിരുന്നു ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്നത്. ഗ്വാണ്ടനാമോ തടവറ ലോകത്തിനു മുന്നില്‍ അമേരിക്കയുടെ നിയമലംഘനത്തിന്റെ മുഖമാണെന്നും, ദുഃഖമാണെന്നുമായിരുന്നു ഒബാമയുടെ പ്രസ്താവന. പക്ഷേ ഒബാമ സര്‍ക്കാരിന് ഈ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.
2009ല്‍ അധികാരമേറ്റെടുത്ത ഉടനെ ഒബാമ ഒപ്പിട്ട ആദ്യത്തെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ചതായിരുന്നു. പക്ഷേ, രണ്ടു തവണ പ്രസിഡന്റായിരുന്നിട്ടും ഒബാമയ്ക്ക് ക്യാംപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. എല്ലാ റിപ്പബ്ലിക്കന്മാരും ചില ഡെമോക്രാറ്റുകളും ഗ്വാണ്ടനാമോ ക്യാംപ് ഇല്ലാതാക്കുന്നതിന് എതിരായിരുന്നു. അതേസമയം, പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി തടവുകാരെ അവിടെനിന്നും പുറത്തെത്തിക്കാന്‍ ഒബാമ ഭരണകൂടത്തിന് കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം തന്നെയായിരുന്നു. അന്നും ഇന്നും ഡെമോക്രാറ്റുകളിലെ പുരോഗമനവിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഗ്വാണ്ടനാമോയുടെ അവസാനം.
ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് കൂടുതല്‍ തടവുകാര്‍ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കപ്പെട്ടു. ഗ്വാണ്ടനാമോ അനിശ്ചിതമായി തുടരുമെന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ 2018 ജനുവരിയില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തു. ട്രംപ് സര്‍ക്കാരിന്റെ അവസാന വർഷങ്ങളിൽ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും നിർത്തിവെച്ച നിലയിലായിരുന്നു. അമേരിക്കയുടെ ആഗോള പ്രതിഛായയ്ക്ക് വെല്ലുവിളിയായ ഗ്വാണ്ടനാമോ തടവറ എങ്ങനെയാണ് വിവാദ കേന്ദ്രമാകുന്നത്? എന്താണ് ഗ്വാണ്ടനാമോയുടെ രഹസ്യാത്മകത?
അമേരിക്കയ്ക്ക് പുറത്ത് തെക്കുകിഴക്കന്‍ ക്യൂബയുടെ ഉള്‍ക്കടല്‍ പ്രദേശത്താണ് ജിടിഎംഒ അഥവ ഗിറ്റ്മോ എന്ന് വിളിക്കപ്പെടുന്ന ഗ്വാണ്ടനാമോ തടവറ നിലകൊള്ളുന്നത്. 1903 ൽ അമേരിക്ക ക്യൂബയിൽ നിന്നും പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. ഇതേവര്‍ഷം നിലവിൽ വന്ന ക്യൂബൻ- അമേരിക്കൻ കരാര്‍ പ്രകാരം ഇവിടം നിയന്ത്രിച്ചിരുന്നത് അമേരിക്കയായിരുന്നു. പിന്നീട് 1961ൽ ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചതോടെയാണ് ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങൾ വേലികെട്ടിത്തിരിച്ചത്.
ഒരു തുരുത്തിനകത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് ഗ്വാണ്ടനാമോ തടവറ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടേക്ക് എത്തിപ്പെടാനും വലിയ പ്രയാസമാണ്. 1991ൽ ഹെയ്തി കലാപകാരികളെ തടവിലിടാൻ വേണ്ടി അമേരിക്ക ഇവിടെ ക്യാമ്പുകൾ നിർമ്മിച്ചിരുന്നു. പിന്നീട് 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഗ്വാണ്ടനാമോ തടവറയിലെ ക്യാംപ് ഡെല്‍റ്റാ, ക്യാംപ് എക്കോ, ക്യാംപ് ഇക്വുവാന, ക്യാംപ് എക്സ്റേ എന്നിവ നിര്‍മ്മിക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ഉത്തരവിടുന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്തുണ നൽകിയെന്നും ആസൂത്രണത്തിൽ പങ്കാളികളായെന്നും ചൂണ്ടിക്കാട്ടി അന്ന് താലിബാൻ, അൽ ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട എണ്ണൂറോളം പേരെ ഈ തടവറയിലേക്ക് മാറ്റി. കുറ്റപത്രങ്ങളൊന്നും സമര്പ്പിക്കാതെയായിരുന്നു അവിടെ തടവുകാരെ പാര്‍പ്പിച്ചിരുന്നത്. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പടെ അതിക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് അവരെ ഇരയാക്കി.
തണുത്തുറഞ്ഞ സെല്ലിൽ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ചായിരുന്നു കടലിന് നടുവിലെ ഈ ദ്വീപിൽ തടവുകാരെ പാര്‍പ്പിച്ചത്. അത്യുച്ചത്തിൽ സംഗീതം മുഴക്കിയും വലിയ വെളിച്ചം തെളിച്ചും ഉറങ്ങാനും അനുവദിച്ചില്ല. പക്ഷെ കുറെ വര്‍ഷങ്ങളെടുത്തു ഈ വിവരങ്ങള്‍ പുറംലോകം അറിയാന്‍. ചോദ്യം ചെയ്യലെന്ന പേരിൽ നടന്ന ക്രൂരതകൾ തടവുകാർ തന്നെ പുറംലോകത്തെ അറിയിച്ചുതുടങ്ങിയതോടെ അമേരിക്ക പഴിയേറെ കേട്ടു. 2011-ല്‍ ‘779 സീക്രട്ട് ഫയലുകള്‍’ എന്ന പേരില്‍ വിക്കീലീക്സ് ഗ്വാണ്ടനാമോ തടവറകളിലെ പീഡന കഥകള്‍ പുറത്ത് വിട്ടതും ഏറെ ചര്‍ച്ചയായിരുന്നു.
2003 ജൂണില്‍ ഏകദേശം 684 പേര് ഗ്വാണ്ടനാമോയില്‍ തടവുകാരായി ഉണ്ടായിരുന്നു. ഒബാമ ഭരണമേറ്റെടുത്തതിന് ശേഷമാണ് ഇത് 242 ആയി കുറഞ്ഞത്. പാകിസ്ഥാന് സ്വാദേശിയായ പതിനാല് വയസുള്ള ബാലനായിരുന്നു ഗ്വാണ്ടനാമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരന്. പിന്നീട് ഈ ബാലനെ വിട്ടയക്കുകയും ചെയ്തിരുന്നു. 49 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് -അഫ്ഗാന് യുദ്ധതടവുകാരും ഇവിടെയുണ്ട്. പക്ഷേ ഇവരില്‍ പലരും സാധാരണ പൗരന്മാരാണ് എന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു.
ഗ്വാണ്ടനാമോയില്‍ നിന്ന് മോചിതനായ സുഡാനീസ് തടവുകാരൻ ഇബ്രാഹിം ഇദ്രീസ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. തടവറ തുറന്ന ആദ്യ ദിവസം മുതല്‍ ഇദ്രീസ് അവിടെ കഴിയുന്നുണ്ട്. അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ സഹായിയെന്നു പറഞ്ഞാണ് പാകിസ്ഥാനില്‍ നിന്ന് ഇദ്രീസിനെ കസ്റ്റഡിയിലെടുത്തത്. തടവറയില്‍ കഴിയവെ ഒരിക്കൽ പോലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടിരുന്നില്ല. കൂടാതെ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു.
മാനസിക വിഭ്രാന്തിയും പ്രമേഹവും രക്താതിസമ്മർദവും കൊണ്ടു വലഞ്ഞ ഇദ്രീസിനെ 2013 ഡിസംബറിലാണ് വിട്ടയക്കുന്നത്. ഗ്വാണ്ടനാമോ നാളുകളില്‍ അനുഭവിച്ച ക്രൂരതയുടെ തുടർച്ചയായാണ് ഇദ്രീസ് മരണപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ കറൻ കുറ്റപ്പെടുത്തിയത്. മാനസികമായും ശാരീരികമായും തകർന്ന ഇദ്രീസ് സുഡാൻ തീരത്ത് അലയുന്ന ചിത്രങ്ങൾ അമേരിക്കക്കെതിരെ കടുത്ത വിമർശനം സൃഷ്ടിച്ചിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം 40 തടവുകാര്‍ ഗ്വാണ്ടനാമോ ക്യാംപില്‍ ഇപ്പോള്‍ ജീവനോടെ ബാക്കിയുണ്ട്. ഇതില്‍ മിക്കവരും കുറ്റപത്രത്തില്‍ പേരുള്ളവരോ, വിചാരണ നേരിടുന്നവരോ അല്ല. സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളെന്ന് അമേരിക്ക പറയുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെ 9 പേര്‍ക്ക് മാത്രമാണ് ഇരുപതു വര്‍ഷത്തിനിടെ ക്യാംപില്‍ കുറ്റപത്രം കിട്ടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കുറ്റം ആരോപിക്കപ്പെടാത്തവര്ക്ക് പരോള്‍ അനുവദിക്കുകയാവും ക്യാംപ് നിര്‍ത്തലാക്കുന്നതിന്റെ ആദ്യ ഘട്ടമായി ബൈഡന് ചെയ്യുന്നത്.
ക്യാംപ് അടച്ചുപൂട്ടാനുള്ള നടപടികള്‍ കൈകൊള്ളുമ്പോള്‍ ബൈഡന് സര്‍ക്കാരിനു മുന്നില്‍ രാഷ്ട്രീയ- നിയമ തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ബൈഡൻ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടൽ വേഗത്തിലാകില്ലെന്നാണ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് എമിലി ഹോൺ വ്യക്തമാക്കിയത്. ഇപ്പോള്‍ തടവുകാരെ വിട്ടയച്ചാല്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ലോകത്ത് അവര്‍ റോക്ക്സ്റ്റാറുകളായി മാറുമെന്നാണ് എതിര് നിലപാടുകാരില്‍ ശ്രദ്ധേയനായ യുഎസ് റെപ്രസന്റേറ്റീവ് മൈക്ക് വാള്‍ട്സ് ആശങ്കപ്പെടുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നൂറിലേറെ മനുഷ്യാവകാശ സംഘടനകള്‍ ഗ്വാണ്ടനാമോ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ബൈഡനെ സമീപിച്ചിരുന്നു. എന്തുതന്നെയായാലും ഗ്വാണ്ടനാമോ ഡിറ്റന്‍ഷന്‍ ക്യാംപിന്റെ കാര്യത്തില്‍ ബൈഡന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിര്‍ണ്ണായക നിലപാട് അമേരിക്കയ്ക്കു മുകളില്‍ കാലങ്ങളായി നിലകൊള്ളുന്ന കരിനിഴല്‍ നീക്കുമോ എന്നതാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.