ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി. തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആറാം ദിവസവും തുടരുകയാണ്. 170 ആളുകളെയാണ് പ്രളയത്തെത്തുടര്‍ന്ന് കാണാതായത്.
ഋഷിഗംഗ പവര്‍ പ്രൊജക്ട് സൈറ്റില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചമോലിയിലെ മൈതാന ഗ്രാമത്തില്‍ നിന്നുമാണ് മറ്റൊരു മൃതദേഹം ലഭിച്ചത്.
പ്രളയത്തില്‍ 170 പേരെയാണ് കാണാതായത്. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. തപോവന്‍, ഋഷിഗംഗ പവര്‍ പ്രോജക്ട് സൈറ്റുകളില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുകയാണ്. തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അടകപ്പെട്ടുകിടക്കുകയാണെന്നാണ് നിഗമനം.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ ദുരന്ത നിവാരണ സംഘം, സൈന്യം, പ്രദേശവാസികള്‍ എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്നലെ ഋഷിഗംഗയില്‍ നേരിയതോതില്‍ ജലനിരപ്പുയര്‍ന്നതോടെ ഉച്ചയ്ക്ക് 2:30 മുതല്‍ നാലുവരെ തപോവനിലെ പ്രധാനതുരങ്കത്തിലും റേനി ഗ്രാത്തിലും രക്ഷപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
ഇതിനടിയില്‍ തപോവന്‍ മേഖലയിലെ റെയ്നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാറും സ്ഥിരീകരിച്ചു.