ന്യൂഡൽഹി :ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയ ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഫൊട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവ്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്നിരുന്ന ഈശ്വർ ബെഹ്റയെയാണ് കഴിഞ്ഞ ദിവസം ബാൽസോർ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഡിആർഡിഒയുടെ മിസൈൽ ഗവേഷണ സംബന്ധിയായ രഹസ്യങ്ങൾ ചോർത്തിയെടുത്ത് പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്കു കൈമാറി എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.
ചാന്ദ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രത്തിലുള്ള സിസിടിവി കേന്ദ്രത്തിലെ താത്കാലിക ഫൊട്ടോഗ്രാഫറായിരുന്നു ഇയാൾ. ജോലിയുടെ ഭാഗമായി ഇയാൾ ഡിആർഡിഒയുടെ ടെസ്റ്റിംഗ് സെന്ററിൽ വരാറുണ്ടായിരുന്നു.
ഇങ്ങനെ വരുമ്പോൾ ഇയാൾ മിസൈലുകളുടെ വീഡിയോ എടുക്കുകയും, പിന്നീട് ക്യാമറ റിപ്പയർ ചെയ്യാനെന്ന പേരിൽ കൊൽക്കത്തയിലേക്ക് പോയി ഈ ദൃശ്യങ്ങൾ ഐഎസ്ഐ ഏജന്റുമാർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു .
അബുദാബി, മുംബൈ, മീററ്റ്, ആന്ധ്ര, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ബെഹ്റക്ക് പണം വന്നിരുന്നതായും ഐബി കോടതിയിൽ വെളിപ്പെടുത്തി.
ബെഹ്റ ചെയ്തത് ഇന്ത്യയുടെ പരമാധികാരം അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കുറ്റമാണ് എന്ന് കോടതി നിരീക്ഷിച്ചു. മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാകുമെന്നും ഒഡിഷ കോടതി വിധിപ്രസ്താവത്തിൽ നിരീക്ഷിച്ചു.2015 ജനുവരി 23നാണ് ഈശ്വർ ബെഹ്റ അറസ്റ്റിലായത്.