എസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്– ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചു. ലീഗില്‍ ബ്ലാസ്റ്റേഴ്സിനു ഇനി മൂന്നു മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതില്‍ ജയിച്ചാലും പ്ലേ ഓഫ് വിദൂര സ്വപ്നമാകും.
സമനിലയോടെ ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാളും ഒഡീഷയുമാണ് ബ്ലാസ്റ്റേഴ്സിനു പിന്നില്‍. ഇരുവരും ഓരോ മത്സരങ്ങള്‍ കുറച്ചാണ് കളിച്ചിട്ടുള്ളത്.
ഒഡീഷയ്ക്കായി ഡിയേഗോ മൗറീഷ്യോയാണ് രണ്ടു ഗോളുകളും നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പർ, ജോർദാൻ മുറെ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മൗറീഷ്യോയാണ് ഹീറോ ഓഫ് ദ് മാച്ച്.
മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോൾ ഒഡീഷ ഒരു ഗോളിനു മുൻപിലായിരുന്നു. 45ാം ജെറി നൽകിയ പാസ് ഡിയേഗോ മൗറീഷ്യോ ഗോൾവലയിൽ എത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോള്‍ നേടാനായില്ല. 27-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സന്ദീപ് സിങ്ങിന് ഫൗള്‍ ചെയ്തതിന്റെ പേരില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു.
52-ാം മിനിട്ടിൽ ജോർദാൻ മുറെയാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടിയത്. 68ാം മിനിറ്റിൽ സഹലിന്റെ പാസിൽനിന്ന് ഗാരി ഹൂപ്പർ നേടി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എന്നാൽ 74ാം മിനിറ്റിൽ ഒഡീഷ വീണ്ടും ഗോൾവല ചലിപ്പിച്ചതോടെ മത്സരം വീണ്ടും സമനിലയിലായി.