കൂൺ രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും ഏറെ മുൻപന്തിയിലാണ് . വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മാംസാഹാരത്തിന് പകരം ഏറ്റവും രുചികരമായി കഴിക്കാവുന്ന ഓപ്ഷനുകളിൽ ഒന്നാണ് കൂൺ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളെല്ലാം കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കൂണിന് കഴിവുണ്ട്.
ഫംഗസ് കുടുംബത്തിൽ പെടുന്ന കൂൺ പ്രകൃതിദത്തമായതിനാൽ പച്ചക്കറിയായി നാം കണക്കാക്കുന്നു. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് കൂൺ എന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഉള്ളതിനാലാണിത്.
ഫുഡ് സയൻസ് & ന്യൂട്രീഷൻ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, നമ്മുടെ ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് വിറ്റാമിൻ ഡി, പൊട്ടാസ്യം, ഫൈബർ, ചെമ്പ്, സെലിനിയം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കും. ഇതെല്ലാം, നമ്മുടെ ഭക്ഷണത്തിൽ കലോറി, കൊഴുപ്പ് അല്ലെങ്കിൽ സോഡിയം എന്നിവ ചേർക്കാതെ തന്നെ ലഭിക്കുന്നു എന്നതാണ് കൂണിന്റെ ഏറ്റവും വലിയ ഗുണം
കൂണിലെ ഫൈബർ, പൊട്ടാസ്യം, എൻസൈമുകൾ എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായകമാണ്.കൂണിൽ കാണപ്പെടുന്ന സെലിനിയം, ആൽഫ ഗ്ലൂക്കൻ, ബീറ്റാ ഗ്ലൂക്കൻ എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കുകയും ചെയ്യും .