ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലെ തങ്ങളുടെ പ്രധാന ഫോൺ ആയ നാർസോ 20-യുടെ പിൻഗാമിയായി റിയൽമി നാർസോ 30 ഉടൻ വിപണിയിലെത്തിക്കും. കഴിഞ്ഞ വർഷം മെയിലെത്തിയ നാർസോ 10 ശ്രേണിയുടെയും, സെപ്റ്റംബറിലെത്തിയ നാർസോ 20യെക്കാളും മികവോടെയാവും റിയൽമി നാർസോ 30യുടെ വരവ്.
റിയൽമി കമ്മ്യൂണിറ്റി വെബ്സൈറ്റിൽ നാർസോ 30 ഫോണിനായുള്ള ബോക്സിന്റെ ഡിസൈൻ ഏതായിരിക്കണം എന്ന സർവ്വേ പോസ്റ്റ് ചെയ്യുക വഴിയാണ് കമ്പനി നാർസോ 30 സ്മാർട്ട്ഫോൺ ശ്രേണിയുടെ വരവ് സ്ഥിരീകരിച്ചത്.
ആറ് വ്യത്യസ്ത ഡിസൈനിലുള്ള റീട്ടെയിൽ ബോക്സുകളാണ് സർവേ കാണിക്കുന്നത്. നീല നിറമാണ് പ്രാഥമിക തീം. ആരാധകർക്ക് അവർ ഇഷ്ടപ്പെടുന്ന ബോക്സിന് വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ബോക്സ് ആയിരിക്കും റിയൽമി നാർസോ 30-യുടെ ബോക്സ് ആവുക.
അടിസ്ഥാന റിയൽമി നാർസോ 30, നാർസോ 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുത്തൻ ശ്രേണിയ്ക്ക് കീഴിൽ വിപണിയിലെത്തുക. ഈ മാസം അവസാനം അല്ലെങ്കിൽ മാർച്ചിൽ നാർസോ 30 ശ്രേണി വില്പനക്കെത്തും എന്നാണ് വിവരം. പുത്തൻ ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ റിയൽമി പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരും.
അടുത്തിടെയാണ് റിയൽമി വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോണായ റിയൽമി X7 ശ്രേണി വില്പനക്കെത്തിച്ചത്. റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി.
6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന റിയൽമി X7-ന് യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് വില. 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് പതിപ്പിൽ മാത്രം ലഭ്യമായ റിയൽമി X7 പ്രോ പതിപ്പിന് 29,999 രൂപയാണ് വില.