ജയ്പുര്‍: രാജസ്ഥാനിലെ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ ഭരണം നേടി കോണ്‍ഗ്രസ്. 60 നഗരസഭകളില്‍ ബിജെപി അധികാരത്തിലിരുന്ന സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ഈ തിരിച്ചുവരവ്. 19 നഗരസഭകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.
24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണം ഉറപ്പിച്ചത്. എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, ഒമ്ബത് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്പറേഷന് എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടന്നത്. ആകെയുള്ള 3034 വാര്‍ഡുകളില്‍ 1197 ഇടത്ത് കോണ്‍ഗ്രസും 1141 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളില്‍ സ്വതന്ത്രരും ജയിച്ചു.
ഡിസംബറില്‍ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലും സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ അധികാരം നേടാന്‍ കോണ്‍ഗ്രസിനു സാധിച്ചിരുന്നു. അന്നു തിരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളില്‍ 33ലും അദ്ധ്യക്ഷസ്ഥാനം നേടാന്‍ പാര്‍ട്ടിക്കായപ്പോള്‍ 10 എണ്ണം മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60 ഇടത്ത് അധ്യക്ഷപദവി നേടിയ ബിജെപി ഇത്തവണ മുപ്പത്തിയേഴിലേക്ക് ഒതുങ്ങിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡോടാസര പറഞ്ഞു. രണ്ട് സ്വതന്ത്രരുടെ പിന്തുണകൂടി ചേര്‍ത്താല്‍ കോണ്‍ഗ്രസിന് 50 നഗരസഭകളില്‍ സാരഥ്യം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. മികച്ചവിജയം നേടിയതായി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയയും അവകാശപ്പെട്ടു. 50ലേറെ ഇടങ്ങളില്‍ ഭരണംപിടിക്കുമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസിന് അതിന് സാധിച്ചില്ല. ഗഹ്ലോത് സര്‍ക്കാരിനെ ജനം പാഠം പഠിപ്പിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവര്‍ കൂടുതല്‍ വ്യക്തതയുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.