തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ സച്ചിന് ബേബി നയിക്കും. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്, എസ്. ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദിന് തുടങ്ങിയവരും ടീമില്‍ ഇടംനേടി.
ആറു നഗരങ്ങളിലായി ഈ മാസം 20 മുതല്‍ മാര്‍ച്ച് 14 വരെയാണ് മത്സരം. സൂററ്റ്, ഇന്‍ഡോര്‍, ബംഗളൂരു, കോല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും. ടൂര്‍ണമെന്റിനായി വരുന്ന താരങ്ങള്‍ വരുന്ന പതിമൂന്നാം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം. ഇക്കാലയളവില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.
കേരളം ഗ്രൂപ്പ് സിയിലാണ്. കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങള്‍ ബംഗളൂരുവിലാണ്. ഗ്രൂപ്പ് എയില്‍ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകള്‍ അണിനിരക്കും. സൂററ്റിലാവും മത്സരങ്ങള്‍. തമിഴ്നാട്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, വിദര്‍ഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ഇന്‍ഡോറിലാണ്.