ടാറ്റ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ആണ് പുതുതായി ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന സെഗ്മെന്റിലേക്ക് കാലെടുത്തുവയ്ക്കാൻ ഒരുങ്ങുന്നത് . ബ്രാൻഡിന്റെ പെർഫോമൻസ് ഇലക്ട്രിക്ക് എസ്യുവിയായ ഐ-പെയ്സ് അടുത്ത മാസം 9-ന് ലോഞ്ച് ചെയ്താണ് ജാഗ്വാർ രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്കിറങ്ങുന്നത്.
ജനുവരി ആദ്യ വാരം തന്നെ മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ ഇറക്കുമതി ചെയ്ത ആദ്യ യൂണിറ്റ് ഐ-പെയ്സിന്റെ ചിത്രങ്ങൾ ജാഗ്വർ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ടെസ്റ്റിംഗിനും ലോഞ്ചിന് മുന്നോടിയായുള്ള വാലിഡേഷനുമായാണ് ആദ്യ യൂണിറ്റ് എത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ തന്നെ ഐ-പെയ്സ് എസ്യുവിയുടെ ബുക്കിങ് ജാഗ്വർ ആരംഭിച്ചിരുന്നു.
S, SE, HSE എന്നീ മൂന്ന് പതിപ്പുകളിൽ ഇന്ത്യയിൽ വില്പനക്കെത്തുന്ന ഐ-പെയ്സ്, EV400 പവർട്രെയിൻ ഓപ്ഷനിലാണ് ഇന്ത്യയിലെത്തുക.മുൻപിലേക്ക് ഒഴുകിയിറങ്ങുന്ന ബോണറ്റ്, സ്റ്റൈലിഷ് ആയ എൽഇഡി ഹെഡ്ലാംപ്, ഹണികോംപ് പാറ്റേർണിലുള്ള ഗ്രിൽ, വീതിയേറിയ എയർഡാം, 19-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് ഐ-പെയ്സിന്റെ എക്സ്റ്റീരിയറിലെ സവിശേഷതകൾ. 4682 മില്ലീമീറ്റർ നീളവും, 2011 മില്ലീമീറ്റർ വീതിയും, 1566 മില്ലീമീറ്റർ ഉയരവുമുള്ള ഐ-പെയ്സിന് 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 2990 മില്ലിമീറ്റർ വീൽ ബേസുമുണ്ട്.
8 രീതിയിൽ ക്രമീകരിക്കാവുന്ന സെമി പവേർഡ് ലക്സ്റ്റെക് സ്പോർട്ട് സീറ്റുകൾ, 380W മെറിഡിയൻ സൗണ്ട് സിസ്റ്റം, ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്പ്ലേ, 3ഡി സറൗണ്ട് ക്യാമറ, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, ആനിമേറ്റഡ് ഡയറക്ഷണൽ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ഐ-പെയ്സിലെ ഇന്റീരിയർ ആകർഷണങ്ങൾ. ഇത് കൂടാതെ, 825W മെറിഡിയൻ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും ഐ-പെയ്സിലുണ്ടാവും.
90kWh ലിഥിയം-അയോൺ ബാറ്ററിയിൽ നിന്നും ഊർജമെടുത്ത് പ്രവർത്തിക്കുന്ന ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളാണ് ജാഗ്വർ ഐ-പെയ്സിൽ. 394 ബിഎച്ച്പി പവറും 696 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ നാല് വീലുകളിലേക്കും പവർ എത്തിക്കുന്നു. പെർഫോമൻസ് എസ്യുവിയായ ഐ-പെയ്സിന് വെറും 4.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ കൈവരിക്കാൻ സാധിക്കും.
പൂർണമായും ചാർജ് ചെയ്താൽ 480 കിലോമീറ്ററിലധികം റേഞ്ച് ആണ് ഐ-പെയ്സിന് ജാഗ്വർ അവകാശപ്പെടുന്നത്. 100 കിലോവാട്ട് റാപിഡ് ചാർജർ ഉപയോഗിച്ചാൽ ബാറ്ററിയുടെ 80 ശതമാനം ചാർജ് ചെയ്യാൻ 45 മിനിറ്റ് മതി. 7 കിലോവാട്ട് എസി വാൾ ബോക്സ് ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ 10 മണിക്കൂർ ആണ് ചാർജിങ് സമയം.