ഐഫോൺ ആരാധകരുടെ ദീർഘ കാലമായ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഒക്ടോബർ 13-നാണ് ടെക് ഭീമന്മാരായ ആപ്പിൾ ഐഫോൺ 12 അവതരിപ്പിച്ചത്. പുത്തൻ ഐഫോൺ 12 ശ്രേണിയിൽ ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണുള്ളത്.
പുത്തൻ ഫീച്ചറുകളെല്ലാമുള്ള ചെറിയ ഫോൺ’ ആഗ്രഹിക്കുന്നവർക്കായാണ് ഐഫോൺ 12 മിനി അവതരിപ്പിച്ചതെങ്കിലും പ്രതീക്ഷിച്ച വില്പന മിനി മോഡലിന് നേടാനായിട്ടില്ല എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് . ഇത് ഐഫോൺ 12 മിനിയുടെ നിർമ്മാണം ഈ വർഷത്തിന്റെ രണ്ടാം പാദത്തോടെ അവസാനിപ്പിക്കാൻ ആപ്പിളിനെ പ്രേരിപ്പിക്കും എന്ന് പ്രവചനമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത് .
ജെപി മോർഗൻ അനലിസ്റ്റായ വില്യം യാങ് ആണ് ഐഫോൺ 13-ന്റെ വരവോടെ അതായത് ഒക്ടോബർ 2021-ഓടെ ഐഫോൺ 12 മിനിയുടെ നിർമ്മാണം നിർത്താൻ ആപ്പിൾ നിർബന്ധിതരായേക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. നിർമ്മാണം അവസാനിപ്പിച്ചാലും അടുത്ത 2 വർഷത്തേക്കെങ്കിലും ആവശ്യമുള്ള ഐഫോൺ 12 മിനി നിർമ്മാണം അവസാനിപ്പിക്കുമ്പോഴേക്കും ആപ്പിൾ തയ്യാറാക്കിയിട്ടുണ്ടാകും.
കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ആപ്പിൾ വിറ്റഴിച്ച ഐഫോണുകളിൽ വെറും 6 ശതമാനം മാത്രമാണ് ഐഫോൺ 12 മിനി എന്ന് കൺസ്യുമർ ഇന്റലിജൻസ് റിസർച്ച് പാർട്ണർസ് (CIRP) റിപ്പോർട്ട് ചെയുന്നു.
20W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 2227 mAh ബാറ്ററിയാണ് ഐഫോൺ 12 മിനിയിൽ. ഈ ബാറ്ററി 15 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 12 മിനിയ്ക്ക് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 15W വരെ മാഗ് സേഫ് വയർലെസ് ചാർജിംഗിനെയും 7.5W വരെ ക്യു വയർലെസ് ചാർജിംഗിനെയും ഐഫോൺ 12 മിനി പിന്തുണയ്ക്കും.