കൊച്ചി: കൊച്ചിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. തൊടുപുഴ വണ്ണപ്പുറം സ്വദേശി റസല്‍ മുഹമ്മദാണ് അറസ്റ്റിലായത്. കേസില്‍ തൃക്കാക്കര സ്വദേശി നജീബിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും, കൊച്ചി നഗരത്തിലെ ഫ്ളാറ്റിലുമാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടിടത്തും പൊലീസ് പരിശോധന നടത്തി. പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
വിദേശ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ റൂട്ടിംഗ് ഉപയോഗിച്ച് നിരക്ക് കുറച്ചു നല്‍കിയായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ഏത് രാജ്യത്ത് നിന്നുള്ള വിളിയാണെന്ന് പോലും തിരിച്ചറായാന്‍ കഴിയാത്തതിനാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും ഉപയോഗിച്ചാല്‍ പോലും കണ്ടെത്താന്‍ സാധിക്കില്ല.