കൊൽക്കത്ത: എഐഎംഐഎം ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദീന് ഒവൈസി. എഐഎംഐഎം ബംഗാളില്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നതെന്ന് അസദുദീന് ഒവൈസി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇതു തന്നെ ആവര്‍ത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന എഐഎംഐഎം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തരേന്ത്യയിലേക്ക് പടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ അവര്‍ വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിലും ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്.